പാലക്കാട്:സത്യത്തിന്റെയും അഹിംസയുടെയും ശുചിത്വത്തിന്റെയും മഹത്വത്തെ ഒരിക്കല്‍ കൂടി ഓര്‍മിപ്പിച്ച് ജില്ലയില്‍ ഗാന്ധി ജയന്തി വാരാഘോഷത്തിനു തുടക്കമായി.
സമൂഹത്തോടുള്ള നമ്മുടെ ഉത്തരവാദിത്തം നിറവേറ്റികൊണ്ടു വേണം നാം ഗാന്ധിയെ ഓര്‍ക്കാനെന്ന് വാരാഘോഷം ഉദ്ഘാടനം ചെയ്ത ഷാഫി പറമ്പില്‍ എം.എല്‍.എ പറഞ്ഞു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ഭരണകൂടം, ജില്ലാ പഞ്ചായത്ത്, ഐ.ആര്‍.ടി.സി, ഹരിത കേരളം മിഷന്‍, ശുചിത്വ മിഷന്‍, നെഹ്‌റു യുവകേന്ദ്ര, വിദ്യാഭ്യസ വകുപ്പ്, എക്‌സൈസ്, ശബരി ആശ്രമം, ഡി.എം.ഒ, ഫ്രാപ് എന്നിങ്ങനെ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ചെമ്പൈ സ്മാരക ഗവ.സംഗീത കോളെജിലാണ് ഗാന്ധിജയന്തി വാരാഘോഷം ജില്ലാതല പരിപാടി നടന്നത്. മറ്റൊരു രാജ്യത്തിനും സങ്കല്‍പിക്കാന്‍ കഴിയാത്ത വൈവിദ്ധ്യമാണ് ഇന്ത്യയിലുള്ളത്. ഇത് നിലനിര്‍ത്തുന്നതിനുള്ള അടിത്തറ പാകിയത് ഗാന്ധിയാണ്. ഈ വൈവിധ്യത്തെ സംരക്ഷിക്കണമെന്നാണ് ഗാന്ധി ജയന്തി ദിനത്തില്‍ നാമെടുക്കേണ്ട പ്രതിജ്ഞയെന്നും അദ്ദേഹം പറഞ്ഞു.ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ എല്ലാ കാലത്തും പ്രസക്തമായതിനാലാണ് അദ്ദേഹം ഇപ്പോഴും ലോകത്തിനു മുഴുവന്‍ പ്രചോദനമാകുന്നതെന്നും പരിപാടിയില്‍ അധ്യക്ഷനായ ജില്ലാ കലക്ടര്‍ ഡി.ബാലമുരളി പറഞ്ഞു. നമ്മുടെ മാലിന്യം നമ്മുടെ ഉത്തരവാദിത്വമാണ്. അതൊരിക്കലും മറ്റൊരാളുടെ ബാധ്യതയാവാന്‍ പാടില്ല. ഇത്തരത്തില്‍ സഹജീവികളെ പരിഗണിക്കണമെന്ന ഗാന്ധിയന്‍ ആദര്‍ങ്ങള്‍ എക്കാലത്തും പ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിക്ക് മുന്നോടിയായി ഗാന്ധിചിത്രത്തില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍ ഡി.ബാലമുരളി തുടങ്ങിയവര്‍ പുഷ്പാര്‍ച്ചന നടത്തി.ഉദ്ഘാടനത്തിന് മുന്നോടിയായി ഗാന്ധിഭജന്‍ ആലപിച്ച നവോദയ വിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍ക്കും ‘പ്രണവും സൈക്കിളും’ എന്ന ഡോക്യുഫിക്ഷനില്‍ അഭിനയിച്ച ശിവ അനൂപിന് ജില്ലാ കലക്ടറും എം.എല്‍.എയും ചേര്‍ന്ന് ഉപഹാരം നല്‍കി. കൂടാതെ സ്വാതന്ത്രസമര സേനാനി അമ്പലപ്പാറ നാരായണന്‍ നായരെ ചടങ്ങില്‍ പൊന്നാടയണിയിച്ച് ആദരിച്ചു.പ്രകൃതി സംരക്ഷണം ഗാന്ധി ദര്‍ശനത്തിലൂടെ എന്ന വിഷയത്തില്‍ ഹരിതകേരളം മിഷന്‍ സംസ്ഥാന റിസോഴ്‌സ് പേഴ്‌സണ്‍ ഡോ.കെ.വാസുദേന്‍ പിള്ള മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രീയ.കെ. ഉണ്ണികൃഷ്ണന്‍ സ്വാഗതം പറഞ്ഞു. നെഹ്‌റു യുവകേന്ദ്ര ജില്ലാ കോര്‍ഡിനേറ്റര്‍ എം.അനില്‍കുമാര്‍, ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ വൈ.കല്യാണകൃഷ്ണന്‍, ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ബെനില ബ്രൂണോ, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.സുമ, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റുമാര്‍ എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!