മണ്ണാര്‍ക്കാട് : അരകുര്‍ശ്ശി ഉദയര്‍കുന്ന് ഭഗവതി ക്ഷേത്രത്തിലെ പൂരം ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് ഏഴ് വരെ വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് പൂരാഘോഷ കമ്മിറ്റി പ്രസിഡന്റ് കെ സി സച്ചിദാനന്ദന്‍,ജനറല്‍ സെക്രട്ടറി എം പുരുഷോത്തമന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഉത്സവകേരളത്തിന്റെ ഗജപ്പെരുമയും വാദ്യപ്പെരുമയും സമന്വയിക്കുന്നതാണ് ഇത്തവണത്തേയും പൂരത്തെ നിറമുള്ളതാക്കു ന്നത്.ആനപ്രേമികളുടേയും പൂരപ്രേമികളുടേയും ഹരമായ തെച്ചിക്കോട്ടുകാവ് രാമ ചന്ദ്രന്‍ ഉദയര്‍കുന്ന് ഭഗവതിയുടെ തിടമ്പേറ്റാന്‍ കൊടിയേറ്റ് ദിവസം മണ്ണാര്‍ക്കാടെത്തും.
ക്ഷേത്രം തന്ത്രി പന്തലക്കോടത്ത് ശങ്കരനാരായണന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വ ത്തില്‍ നടക്കുന്ന താന്ത്രിക ചടങ്ങുകള്‍ക്കും പുജകള്‍ക്കും ശേഷമാണ് ആഘോഷം നടക്കുക.വൈകീട്ട് ആറിന് ദീപാരാധനക്ക് ശേഷം മണ്ണാര്‍ക്കാട് മെഗാ തിരുവാതിര ഗ്രൂപ്പ് അവതരിപ്പിക്കുന്ന മെഗാ തിരുവാതിര അരങ്ങേറും.7.30ന് ആലിപ്പറമ്പ് ശിവരാമ പൊതുവാള്‍ സ്മാരക വാദ്യപ്രവീണ പുരസ്‌കാര സമര്‍പ്പണം നടക്കും.രാത്രി 11 മണി മുതല്‍ 12 മണി വരെ പൂരം പുറപ്പാടും ആറാട്ടെഴുന്നെള്ളിപ്പും 12 മണി മുതല്‍ 2 മണി വരെ മേളം-ഇടയ്ക്ക പ്രദക്ഷിണവുമുണ്ടാകും.തുടര്‍ന്ന് വലിയാറാട്ട് നാള്‍ വരെ എല്ലാ ദിവസവും രാവിലേയും വൈകീട്ടും ആറാട്ടെഴുന്നെള്ളിപ്പുണ്ടാകും. ചാക്യാര്‍കൂത്ത്, നാദസ്വരം,തായമ്പക,മെഗാ മെജസ്റ്റിക് ഫ്യൂഷന്‍,കൊമ്പ്,കുഴല്‍പറ്റ്, ഗാനമേള, ഓട്ടന്‍തു ള്ളല്‍,നാടന്‍പാട്ട് തുടങ്ങിയവയുമുണ്ടാകും.
മാര്‍ച്ച് 2ന് വ്യാഴാഴ്ച വൈകീട്ട് പൂരത്തിന് കൊടിയേറും.നാലിന് കൂട്ടുവിളക്ക്,അഞ്ചിന് ചെറിയാറാട്ട്,ആറിന് വലിയാറാട്ടും നടക്കും.ചെറിയാറാട്ട് ദിവസം രാവിലെ 9 മണി മുതല്‍ ക്ഷേത്രാങ്കണത്തില്‍ ആനച്ചമയ പ്രദര്‍ശനമുണ്ടാകും.വലിയാറാട്ട് ദിവസം രാവിലെ 8.30 മുതല്‍ ആറാട്ടെഴുന്നെള്ളിപ്പ് തുടര്‍ന്ന് പ്രഗത്ഭ വാദ്യകലാകാരന്‍മാര്‍ അണിനിരക്കുന്ന മേജര്‍സെറ്റ് പഞ്ചവാദ്യം അരങ്ങേറും.11 മണി മുതല്‍ 12 മണി വരെ കുന്തിപ്പുഴ ആറാട്ടുകടവില്‍ കഞ്ഞിപ്പാര്‍ച്ച നടക്കും.വൈകീട്ട് അഞ്ച് മണി മുതല്‍ ആറ് മണി വരെ ഡബിള്‍ നാദസ്വരം,ആറ് മണി മുതല്‍ എട്ട് മണി വരെ ഡബിള്‍ തായമ്പ ക,രാത്രിയില്‍ ആറാട്ടെഴുന്നെള്ളിപ്പിനെ തുടര്‍ന്ന് പഞ്ചാരിമേളം കുടമാറ്റം,ഇടയ്ക്ക പ്രദക്ഷിണം,കാഴ്ച്ചശീവേലി എന്നിവയുണ്ടാകും.ഏഴിനാണ് ചെട്ടിവേല.വൈകീട്ട് മൂന്ന് മണി മുതല്‍ നാല് മണി വരെ യാത്രാബലി-താന്ത്രിക ചടങ്ങുകള്‍ക്ക് ശേഷം നാല് മണിയോടെ പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ സ്ഥാനീയ ചെട്ടിയാന്‍മാരെ ആനയിക്കും.ദേശവേലകള്‍ ഘോഷയാത്രയില്‍ അണിനിരക്കും.രാത്രി ആറാട്ടിന് ശേഷം 21 പ്രദക്ഷിണം വെച്ച് പൂരത്തിന് കൊടിയിറക്കും.വാര്‍ത്താ സമ്മേളനത്തില്‍ മറ്റ് ഭാരവാഹികളായ പികെ മോഹന്‍ദാസ്,ശ്രീകുമാര്‍ കുറുപ്പ്,ചന്ദ്രശേഖരന്‍,വി എം സുരേഷ് വര്‍മ്മ,പി ഗോപാലകൃഷ്ണന്‍ തുടങ്ങിയവരും പങ്കെടുത്തു.
