പാലക്കാട് : ഔദ്യോഗിക യോഗത്തില്‍ വനിത ക്ലര്‍ക്കിനെ അധിക്ഷേപിച്ച പാലക്കാട് മുന്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറായ കോഴിക്കോട് സ്വദേശി കെ മുരളീധരനെ കോടതി പിരിയുന്നത് വരെ തടവുശിക്ഷയ്ക്കും 7500 രൂപ പിഴ അടയ്ക്കാനും വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ ഒരു മാസം തടവ് ശിക്ഷ അനുഭവിക്കണം. ജുഡീഷ്യല്‍ ഒന്നാം ക്ലാസ് ക്ലാസ് മജിസ്‌ട്രേറ്റ് അരവിന്ദ് ബി അടിയോടിയാണ് ശിക്ഷ വിധിച്ചത്. പിഴസംഖ്യയില്‍ നിന്നും 5000 രൂപ പരാതിക്കാരിക്ക് നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു.

2014 ജൂണ്‍ 25 ന് മലമ്പുഴ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജില്ലയിലെ നോഡല്‍ ഓഫീസര്‍മാരുടെയും അസിസ്റ്റന്റ് സെക്രട്ടറിമാരുടെയും സെക്ഷന്‍ വര്‍ക്കര്‍മാരുടെയും യോഗത്തിലാണ് പരസ്യമായി സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ കീഴ്ജീവനക്കാരിയോട് ഇയാള്‍ സംസാരിച്ചത്. സ്ത്രീകളുടെ സ്വകാര്യതക്കെതിരെ അധിക്ഷേപ വാക്കുകള്‍ ഉരിയാടിയത് കോടതി നിരീക്ഷിച്ചു. പാലക്കാട് വനിതാ സെല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നിര്‍മ്മല ആദ്യം അന്വേഷണം നടത്തിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത് മലമ്പുഴ പോലീസാണ്. പ്രോസിക്യൂഷനുവേണ്ടി സീനിയര്‍ ഗ്രേഡ് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ പി. പ്രേംനാഥ് ഹാജരായി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!