പാലക്കാട് : ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ പുഴകളുടെ സംരക്ഷണത്തിനും സുഗമമായ ഒഴുക്കിനുമായി നടത്തുന്ന നീര്‍ച്ചാല്‍ വീണ്ടെടുപ്പ് ക്യാമ്പയ്ന്‍ ‘ഇനി ഞാന്‍ ഒഴുകട്ടെ’ പദ്ധതി പ്രകാരം ജില്ലയില്‍ വിവിധ പഞ്ചായത്തുകളില്‍ പുഴ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു.
എലവഞ്ചേരി ഗ്രാമപഞ്ചായത്തില്‍ ഗായത്രിപ്പുഴയുടെയും ഇക്ഷുമതി പുഴയുടെയും ഭാഗമായ വാരായതോടിലാണ് സംരക്ഷണ പ്രവൃത്തികള്‍ നടന്നത്. മൂന്ന് വാര്‍ഡുകളിലായി നടന്ന സംരക്ഷണ പ്രവൃത്തികളുടെ ഫലം 500 ഓളം കര്‍ഷകര്‍ക്കാണ് ഉപകാരപ്രദമാകുക. ബണ്ട് സംരക്ഷണ പ്രവ്യത്തികളുടെ ഭാഗമായി വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു. ഒന്നരക്കിലോമീറ്റര്‍ ചുറ്റളവിലായാണ് സംരക്ഷണ പ്രവൃത്തികള്‍ നടന്നത്.
അയിലൂര്‍ ഗ്രാമപഞ്ചായത്തിലെ നേര്‍ച്ചപ്പാറ പുഴയില്‍ ജനകീയമായാണ് പുഴ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഏകദേശം രണ്ടര കിലോമീറ്റര്‍ ദൂരത്തോളം നടന്ന സംരക്ഷണ പ്രവൃത്തികളില്‍ ജനപ്രതിനിധികള്‍, കുടുംബശ്രീ, തൊഴിലുറപ്പ്, ആശാ പ്രവര്‍ത്തകര്‍, സന്നദ്ധ സേവകര്‍ തുടങ്ങി നൂറിലേറെപ്പേര്‍ പങ്കാളികളായി. കാട് വെട്ടിത്തെളിക്കല്‍, പുഴയുടെ ഒഴുക്കിനെ തടസ്സം കൂടാതെ ഒഴുകാന്‍ പ്രാപ്തമാക്കുന്ന പ്രവൃത്തികളാണ് നടപ്പിലാക്കുന്നത്. ആവശ്യമായ തീരങ്ങളില്‍ പദ്ധതിയുടെ ഭാഗമായി കൈതയും മുളയും പിടിപ്പിക്കും.
പല്ലശ്ശന ഗ്രാമപഞ്ചായത്തില്‍ ഗായത്രിപ്പുഴയുടെ ഭാഗമായ തോട്ടിങ്ങല്‍ തോടില്‍ രണ്ട് കിലോമീറ്റര്‍ ദൂരത്തില്‍ വൃത്തിയാക്കല്‍ പ്രവര്‍ത്തനങ്ങള്‍ നടന്നു. രണ്ട്, നാല്, 10, 11 വാര്‍ഡുകളിലായാണ് സംരക്ഷണ പ്രവൃത്തികള്‍ നടന്നത്. കാവശ്ശേരി ഗ്രാമപഞ്ചായത്തിലെ ഗായത്രി പുഴയുടെ കൈവഴിയായ പാലയ്ക്കാതോട് ക്യാമ്പയ്‌ന്റെ ഭാഗമായി വീണ്ടെടുത്തു. പഞ്ചായത്തിലെ 1, 2, 3, 4, 5, 6, 8, 9, 14, 16, 17 വാര്‍ഡുകളിലാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. കോട്ടപ്പുറം ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ വരുന്ന മലേരിയം തോടും പുള്ളിച്ചിപാറ വെട്ടുകളം തോടും ആറ് കി.മീ വീതം വൃത്തിയാക്കി.
കൊടുവായൂര്‍ ഗ്രാമപഞ്ചായത്തിലെ 10,13, 14 വാര്‍ഡുകളിലായി വ്യാപിച്ചു കിടക്കുന്ന ഈശ്വരിരമാം തോട് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ശുചീകരിച്ചു. ആറ് കിലോമീറ്ററോളം നീളം വരുന്ന തോടിന്റെ ശുചീകരണ പ്രവര്‍ത്തനങ്ങളാണ് നടന്നത്. പെരുവെമ്പ് പഞ്ചായത്തിലെ ഏഴാം വാര്‍ഡിലുള്ള അലങ്കാരതോട് നീര്‍ച്ചാലും പദ്ധതിയുടെ ഭാഗമായി ശുചീകരിച്ചു. ഭാരത പുഴയിലേയ്ക്കുള്ള ജലത്തിന്റെ ഒഴുക്ക് സുഗമമാക്കുന്നതിനായി തോടിന്റെ ഇരുവശങ്ങളിലും നില്‍ക്കുന്നകാടുകളും മറ്റും വെട്ടിത്തെളിച്ചാണ് ഒരു കിലോമീറ്റര്‍ നീളം വരുന്ന തോട് ശുചീകരിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ജലവിഭവ വകുപ്പിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലയില്‍ ഭാരതപ്പുഴയുടെ നീരൊഴുക്കിനെ നിയന്ത്രിക്കുന്ന നീര്‍ച്ചാലുകളെയാണ് പ്രധാനമായും പുഴ സംരക്ഷണ പ്രവൃത്തികള്‍ക്കായി തെരഞ്ഞെടുത്തിട്ടുള്ളത്.