പാലക്കാട് : കലാ-കായിക-ശാസ്ത്രമേളകളില്‍ ജില്ലനേടിയ നേട്ടം എസ്.എസ്. എല്‍.സി. പരീക്ഷയിലും ആവര്‍ത്തിക്കാന്‍ ‘ഞങ്ങള്‍ ജയിക്കും ‘ (We Will Win 2020) പദ്ധതിയുമായി വിദ്യാഭ്യാസവകുപ്പ്.  ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലെയും വിജയശതമാനം സംസ്ഥാന ശരാശരിക്ക് മുകളിലെത്തിക്കാനാണ് www 2020 (We Will Win 2020) എന്ന തീവ്രയത്‌ന പരിപാടിയ്ക്ക് ജില്ലയില്‍ തുടക്കം കുറിക്കുന്നത്. മേളകളിലെ വന്‍ വിജയത്തില്‍ നിന്ന് ആത്മവിശ്വാസമുള്‍ക്കൊണ്ട്  ‘ഞങ്ങള്‍ ജയിക്കും’ എന്ന പദ്ധതിക്ക് പൊതു വിദ്യാഭ്യാസ വകുപ്പ്, ഡയറ്റ്, വിജയശ്രീ. എസ്.എസ്.കെ. എന്നിവരുടെ സംയുക്താഭിമുഖ്യ ത്തില്‍ പ്രവര്‍ത്തന രൂപരേഖ അവതരിപ്പിച്ചു.എല്ലാ വിദ്യാലയ ങ്ങളിലെയും സബ്ജക്ട് കൗണ്‍സിലുകള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ നല്‍കി D+ ഇല്ലാത്ത (സീറോ ഡിപ്ലസ്) വിജയം ഉറപ്പാക്കാന്‍ ആവശ്യമായ പ്രവര്‍ത്തന പദ്ധതി ആവിഷ്‌കരിക്കും. 10 ശതമാനം കുട്ടികള്‍ക്കെങ്കിലും മുഴുവന്‍ A+ നേടുവാന്‍ ആവശ്യമായ പഠന പിന്തുണാ പാക്കേജുകള്‍ സ്‌കൂളുകളില്‍ നടപ്പാക്കി കൗണ്‍സിലിംഗ് ക്ലാസുകള്‍, ഗൃഹ സന്ദര്‍ശനങ്ങള്‍, ചെക്ക്ഷീറ്റുകള്‍ തുടങ്ങിയ പരിപാടികളിലൂടെ ആസൂത്രിതമായി മികവിലെത്താന്‍ പദ്ധതി തയ്യാറാക്കി. വിജയത്തില്‍ മുന്നേറ്റമുണ്ടാക്കുന്ന വിദ്യാലയങ്ങള്‍ക്ക് പ്രത്യേക അംഗീകാരം നല്‍കും. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവരുടെ നേതൃത്വത്തിലുളള സംഘങ്ങള്‍ സ്‌കൂളിലെത്തി ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കും.
മൂന്നു വിദ്യാഭ്യാസ ജില്ലകളിലെയും ഹൈസ്‌കൂള്‍ പ്രധാനാധ്യാപകര്‍ക്ക്  www 2020 പദ്ധതി പരിശീലന യോഗങ്ങള്‍ നടത്തി. യോഗത്തില്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പി. കൃഷ്ണന്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ.എ. രാജേന്ദ്രന്‍, എസ്.എസ്.കെ. ജില്ലാ പ്രോജക്ട് ഓഫീസര്‍ എം. ജയരാജന്‍, വിജയശ്രി കോ-ഓര്‍ഡിനേറ്റര്‍ വേണു പുഞ്ചപ്പാടം, ഡി.ഇ.ഒ. മാര്‍ എന്നിവര്‍ സംസാരിച്ചു.   

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!