പാലക്കാട്: നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ ‘ഏക ഭാരതം ശ്രേഷ്ഠ ഭാരതം’ എന്ന സന്ദേശമുള്‍ക്കൊള്ളിച്ചുള്ള യുവജന ദേശീ യോദ്ഗ്രഥന ക്യാമ്പിന്റെ ഭാഗമായി നടന്ന സാംസ്ക്കാരിക ഘോഷയാത്ര ഇന്ത്യയുടെ പരിച്ഛേദമായി. വിക്റ്റോറിയ കോളേജ് പരിസരത്തുനിന്നും ആരംഭിച്ച ഘോഷയാത്രയിൽ
ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള കുള്ളുനാട്ടി, സിത്താര്‍, പഞ്ചാബില്‍ നിന്ന് ഭാംക്ര, ജിന്‍ഡുവ, ആസാമില്‍ നിന്നുള്ള ബീഹു, മണിപ്പൂരി നൃത്തം, മഹാരാഷ്ട്രയുടെ ലാവ്ണി, കര്‍ണാടകയുടെ ഡോല്‍ ഗുണിത, കാശ്മീരി ഡാന്‍സ്, തമിള്‍നാട്, തെലങ്കാന, ഛത്തീസ്ഗഡ്, ഗുജറാത്ത്, രാജസ്ഥാന്‍,ഒഡീഷ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള നാടോടി നൃത്തരുപങ്ങൾ എന്നിവക്കൊപ്പം കേരളത്തിന്റെ തനത് കലാരൂപങ്ങളും ഘോഷയാത്രയിൽ അണിനിരന്നു.
തുടർന്ന് രാപ്പാടി ഓഡിറ്റോറിയത്തിൽ നടന്ന പൊതുസമ്മേളനം ഷാഫിപറമ്പിൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ദേശ,ഭാഷ,മത, ജാതി വ്യത്യാസമില്ലാതെ ഇന്ത്യയെ ഒന്നായി നിർത്തുന്നതാണ് കലാ സാംസ്ക്കാരിക കായിക മേഖലകളെന്ന് എംഎൽഎ പറഞ്ഞു. ഞരളത്ത് ഹരിഗോവിന്ദന്റെ വന്ദേമാതരം ആലാപനത്തോടെ തുടങ്ങിയ ചടങ്ങിൽ നെഹ്റു യുവകേന്ദ്ര സ്റ്റേറ്റ് ഡയറക്ടര്‍ കെ.കുഞ്ഞഹമ്മദ് അധ്യക്ഷത വഹിച്ചു.
നെഹ്‌റു യുവകേന്ദ്ര യൂത്ത് കോർഡിനേറ്റർ എം. അനില്‍ കുമാര്‍, നഗരസഭാംഗം വി നടേശൻ എന്നിവർ സംസാരിച്ചു. തുടർന്ന് കലാപരിപാടികളുടെ അവതരണവും നടന്നു. ഇന്ന് (ഡിസംബർ 21) മലമ്പുഴയിലും നാളെ (ഡിസംബർ 22) കാഞ്ഞിരപ്പുഴയിലും, ഡിസംബർ 23 ന് നെന്മാറയിലും സംഘടിപ്പിക്കും. പരിപാടികള്‍ പൊതുജനങ്ങള്‍ക്ക് സൗജന്യമായി കാണാം.