അട്ടപ്പാടി: ഭക്ഷ്യ പൊതുവിതരണ മേഖലയിലെ സുതാര്യതയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു.അട്ടപ്പാടിയിലെ ആദിവാസി ഊരു കളില്‍ സഞ്ചരിക്കുന്ന റേഷന്‍ കട ഉദ്ഘാടനം ചെയ്തു സംസാരിക്കു കയായിരുന്നു മന്ത്രി. പുതൂര്‍ ആനവായ് ആദിവാസി ഊരില്‍ നടന്ന പരിപാടിയില്‍ എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ. അധ്യക്ഷനായി.
ഭക്ഷ്യ ഭദ്രതാ നിയമം നടപ്പിലാക്കി രണ്ടര വര്‍ഷം പിന്നിടുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഭക്ഷ്യവിതരണം ഫലപ്രദമായി നടത്താന്‍ കഴിഞ്ഞു. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന്റെ റേഷന്‍ വിഹിതം വെട്ടികുറച്ചത് നമ്മുടെ ഭക്ഷ്യ വിതരണ മേഖലയില്‍ പ്രതിസന്ധിയ്ക്ക് കാരണമാകുമെങ്കിലും അതിനെ മറികടക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. എല്ലാവരിലേക്കും റേഷന്‍ വിതരണം എത്തിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. റേഷന്‍ വിതരണത്തിലെ അപാകതകള്‍ പരിഹരിക്കുന്നതിനായാണ് ഇ- പോസ് മെഷീന്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ആരംഭിച്ചത് .ഇ – പോസ് മെഷീന്‍ ത്രാസുമായി ബന്ധിപ്പിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്നും അതിലൂടെ റേഷന്‍ വിതരണം കൂടുതല്‍ സുതാര്യമാകുമെന്ന് മന്ത്രി പറഞ്ഞു. റേഷന്‍ വിതരണവുയി ബന്ധപ്പെട്ട പരാതികള്‍ ഉണ്ടെങ്കില്‍ ഉടന്‍ ഉദ്യോഗസ്ഥരെ അറിയിക്കണമെന്നും റേഷന്‍ വാങ്ങുന്നത് ഓരോരുത്തരുടെയും അവകാശമാണ്. അത്് കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഓരോരുത്തരും ഉറപ്പ് വരുത്തണമെന്ന് മന്ത്രി പി.തിലോത്തമന്‍ വ്യക്തമാക്കി.
എല്ലാ സ്ഥലങ്ങളിലും റേഷന്‍ വിതരണം സുഗമമാക്കുന്നതിന് വേണ്ട പരിശോധനകള്‍ നടത്തും. റേഷന്‍ കടക്കാര്‍ അരിയും ഗോതമ്പും കൃത്യമായി നല്‍കുന്നില്ലെങ്കില്‍ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കും. അട്ടപ്പാടി മേഖലയിലുള്ളവരുടെ അഭിപ്രായങ്ങള്‍ പരിഗണിച്ച് റേഷന്‍ വിതരണത്തില്‍ ചാമ, റാഗിഎന്നിവ ഉള്‍പ്പെടുത്തുന്നതിനെ കുറിച്ച് ആലോചിക്കും.
പുതൂര്‍ പഞ്ചായത്തില്‍ മാവേലി സൂപ്പര്‍മാര്‍ക്കറ്റ് ഇല്ലാത്തത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതായും മാര്‍ച്ചിനുള്ളില്‍ അത് തുടങ്ങുന്നതിന് സര്‍ക്കാര്‍ വേണ്ട സഹായം നല്‍കുമെന്നും ആദിവാസി വിഭാഗത്തിന്റെ ഉന്നമനത്തിനായി എന്ത് ത്യാഗവും ചെയ്യാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്നും മന്ത്രി പറഞ്ഞു. സഞ്ചരിക്കുന്ന റേഷന്‍ കടയുടെ ആദ്യ ഭക്ഷ്യ വിതരണം ഊര് മൂപ്പനായ കക്കി മൂപ്പന് നല്‍കി മന്ത്രി നിര്‍വഹിച്ചു.
പുതൂര്‍ പഞ്ചായത്തിലെ ആനവായ് മേഖലയിലുള്ള മേലെ ആനവായ്, താഴെ ആനവായ്, ഗലസി, കടുക് മണ്ണ, മുരുകള, പാലപ്പട, കിണറ്റുകര, മേലെ തൊഡുക്കി , താഴെ തൊഡുക്കി, തുടങ്ങിയ ഊരുകളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്. ഈ പ്രദേശങ്ങളിലെ 120 ഓളം കുടുംബങ്ങള്‍ക്ക് 20 കിലോമീറ്ററിലധികം വനപ്രദേശത്ത് കൂടെ സഞ്ചരിച്ചുവേണം റേഷന്‍ കടയില്‍ എത്താന്‍. ഇത്തരം സാഹചര്യം ഒഴിവാക്കുകയും കൃത്യമായ സമയങ്ങളില്‍ റേഷന്‍ വീടുകളില്‍ എത്തിക്കുകയും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.
വനംവകുപ്പിന് കീഴിലുള്ള വനം വികസന ഏജന്‍സി മുഖേന ലഭ്യമാക്കുന്ന വാഹനങ്ങളില്‍ മാസത്തില്‍ മൂന്നു തവണയാണ് പ്രദേശങ്ങളിലേക്ക് റേഷന്‍ എത്തിക്കുക. ആദിവാസി പ്രമോട്ടര്‍മാര്‍ മുഖേന റേഷന്‍ നല്‍കുന്ന ദിവസങ്ങള്‍ ഊരുകളില്‍ അറിയിക്കുകയും താഴെ ആനവായ്, താഴെ ഭൂതയാര്‍ എന്നിവടങ്ങളില്‍ റേഷന്‍ എത്തിച്ച് അവിടെ നിന്നുമായിരിക്കും മറ്റു ഊരുകളിലേക്ക് വിതരണം ചെയ്യുക. ഇത്തരത്തിലുള്ള ജില്ലയിലെ ആദ്യ സംരംഭമാണ് അട്ടപ്പാടിയിലേത്.
ഈപോസ് മെഷീന്‍ ഉപയോഗിക്കുന്നതിലെ സാങ്കേതിക പ്രശ്‌നങ്ങള്‍മൂലം പുസ്തകങ്ങളില്‍ എഴുതിയായിരിക്കും കണക്കുകള്‍ സൂക്ഷിക്കുക. മുന്‍ഗണനാ വിഭാഗത്തില്‍ പെടുന്നവരായ ഇവിടങ്ങളിലെ ആളുകള്‍ക്ക് നിലവില്‍ സൗജന്യമായാണ് റേഷന്‍ വിഹിതം ലഭിക്കുന്നത്. അതുപോലെ തന്നെയായിരിക്കും സഞ്ചരിക്കുന്ന റേഷന്‍കടയിലൂടെയും റേഷന്‍ വിതരണം നടത്തുക.
ഒറ്റപ്പാലം സബ് കലക്ടറും അട്ടപ്പാടി നോഡല്‍ ഓഫീസറുമായ അര്‍ജുന്‍ പാണ്ഡ്യന്‍, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കാളിയമ്മ, പുതൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജ്യോതി അനില്‍കുമാര്‍, ജില്ലാ സപ്ലൈ ഓഫീസര്‍ കെ. അജിത് കുമാര്‍ , ആനവായ് ഊരു മൂപ്പന്‍ കക്കി മൂപ്പന്‍, ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.