ചിറ്റൂര്‍ :തത്തമംഗലം നഗരസഭയിലെ മുഴുവന്‍ സ്‌കൂളുകളിലും നവംബര്‍ 25 ന് ക്ലീനിങ് ഡ്രൈവ് നടത്തും. ഇതിനു മുന്നോടിയായി നഗരസഭാ ചെയര്‍മാന്‍ കെ. മധുവിന്റെ അധ്യക്ഷതയില്‍ നഗരസഭാ പരിധിയിലെ വിദ്യാലയങ്ങളിലെ പ്രധാന അധ്യാപകരുടെ യോഗം ചെയര്‍മാന്റെ ചേംബറില്‍ ചേര്‍ന്നു. അടിയന്തരമായി സ്‌ക്കൂളുകളില്‍ ചെയ്യേണ്ട ശുചീകരണം, അറ്റകുറ്റപ്പണികള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്തു. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളെ ഉപയോഗിച്ചാണ് സ്‌കൂള്‍ പരിസരങ്ങളില്‍ ക്ലീനിംഗ് ഡ്രൈവ് നടത്തുാന്‍ തീരുമാനിച്ചത്.
നയനാട് സുല്‍ത്താന്‍ബത്തേരി സര്‍വജന സ്‌കൂളിലെ ക്ലാസ്മുറിയില്‍ പാമ്പുകടിയേറ്റ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നഗരസഭയുടെ അടിയന്തര നടപടി. നഗരസഭാ ചെയര്‍മാന്‍ കെ. മധുവിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം കഴിഞ്ഞദിവസം നഗരസഭാ പരിധികളിലെ സ്‌കൂളുകള്‍ സന്ദര്‍ശിച്ചിരുന്നു. എയ്ഡഡ് – സര്‍ക്കാര്‍ സ്‌കൂളുകള്‍ അടക്കം പൊതു വിദ്യാഭ്യാസ വകുപ്പിന്റെ 13 സ്‌കൂളുകളാണ് നഗരസഭാ പരിധിയിലുള്ളത്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്ന സൗകര്യങ്ങളാണ് സ്‌കൂളുകളില്‍ ഉള്ളതെങ്കിലും അപകടം ഉണ്ടായേക്കാവുന്ന മുഴുവന്‍ സാധ്യതകളും ഇല്ലാതാക്കുക എന്ന ലക്ഷ്യമിട്ടാണ് ക്ലീനിങ് ഡ്രൈവ് സംഘടിപ്പിക്കുന്നതെന്ന് ചിറ്റൂര്‍ -തത്തമംഗലം നഗരസഭാ ചെയര്‍മാന്‍ കെ. മധു പറഞ്ഞു.
സ്‌കൂള്‍ അങ്കണത്തിലെ മുഴുവന്‍ കെട്ടിടങ്ങള്‍, ശുചിമുറികള്‍, വാട്ടര്‍ ടാങ്കുകള്‍, കളിസ്ഥലങ്ങളോട് ചേര്‍ന്നുള്ള കാടുകള്‍, സ്‌കൂളുകള്‍ക്ക് സമീപത്തെ വഴികള്‍, എന്നിവയാണ് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വൃത്തിയാക്കുന്നത്. കൂടാതെ അറ്റകുറ്റപ്പണികള്‍ ആവശ്യമായ സ്‌കൂള്‍ കെട്ടിടങ്ങള്‍ക്ക് അടിയന്തര പരിഗണന നല്‍കുമെന്നും നഗരസഭാ ചെയര്‍മാന്‍ അറിയിച്ചു. ഓരോ സ്‌കൂളിലും കുറഞ്ഞത് 30 തൊഴിലാളികള്‍ ഉള്‍പ്പെടുന്ന സംഘങ്ങളെയാണ് നിയോഗിച്ചിട്ടുള്ളത്. പ്രധാന അധ്യാപകര്‍ ചൂണ്ടിക്കാണിച്ച മുഴുവന്‍ ആവശ്യങ്ങള്‍ക്ക് പ്രഥമപരിഗണന നല്‍കാനും യോഗത്തില്‍ തീരുമാനമായി.
വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.സി പ്രീത്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എസ്. എസ്. സുബ്രദാം , നഗരസഭാ ഉദ്യോഗസ്ഥര്‍, സ്‌കൂള്‍ പ്രധാനാധ്യപകര്‍, പ്ലാന്‍ കോ-ഓര്‍ഡിനേറ്റര്‍ എന്നിവര്‍ പങ്കെടുത്തു.