പാലക്കാട്:സാമൂഹിക നീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മാതാപിതാക്കളു ടേയും മുതിര്‍ന്ന പൗരന്‍മാരുടേയും സംരക്ഷണവും- ക്ഷേമവും നിയമവും ചട്ടങ്ങളും സംബന്ധിച്ച് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കായി ഹോട്ടല്‍ ഗസാലയില്‍ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. വയോജന സംരക്ഷണം സമൂഹത്തിന്റെ കടമയാണെന്നും സമൂഹത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ക്ഷേമത്തിനും ഉന്നമനത്തിനായും പ്രവര്‍ത്തിക്കണമെന്ന് ബോധവത്കരണ ക്ലാസിന് നേതൃത്വം നല്‍കി അഡ്വ.എം.പി രാജേഷ് പറഞ്ഞു. അണുകുടുംബ സമ്പ്രദായം നിലവില്‍ വന്നതോടെയാണ് വൃദ്ധസദനങ്ങള്‍ വര്‍ധിച്ചതെന്നും സമൂഹത്തില്‍ കൂടുതല്‍ പരിഗണന അര്‍ഹിക്കുന്ന മുതിര്‍ന്ന പൗരന്‍മാര്‍ക്ക് വെല്ലുവിളിയുയരുന്നത് സ്വന്തം വീടുകളില്‍ നിന്നാണെന്ന് ബോധവത്ക്കരണ ക്ലാസില്‍ എം.പി രാജേഷ് വ്യക്തമാക്കി. സമൂഹത്തില്‍ മുതിര്‍ന്ന പൗരന്‍മാര്‍ ഒറ്റപ്പെടാതിരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പൗരന്‍മാരുടെ സംരക്ഷണ-ക്ഷേമ നിയമവും ചട്ടങ്ങളും പ്രവര്‍ത്തിക്കുന്നത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളെജ് പ്രഫ. ഡോ. രാധകൃഷ്ണനും ക്ലാസിന് നേതൃത്വം നല്‍കി. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എ. സന്തോഷ് ബാബു, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.