പാലക്കാട് : ബാലനീതി നിയമപ്രകാരം ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികളുടെ പ്രശ്നങ്ങള്‍ ശരിയായ രീതിയില്‍ കൈകാര്യം ചെയ്യുകയെന്ന ലക്ഷ്യത്തോടെ വിശ്വാസിന്റെ ആഭിമുഖ്യത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗങ്ങള്‍ക്കായി ഏകദിന പരിശീലനം സംഘടിപ്പിച്ചു. ഒരു രാജ്യത്തിന്റെ വികസന സൂചിക എന്നത് ആ രാജ്യത്തെ കുട്ടികളെ ഭരണകൂടം എങ്ങനെ പരിരക്ഷിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ്. കുട്ടികളുടെ അവകാശസംരക്ഷണത്തിനായി നിരവധി നിയമങ്ങള്‍ രാജ്യത്തുണ്ട്. അവ ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്.
അര്‍ഹരായവര്‍ക്ക് അവകാശങ്ങള്‍ ലഭ്യമാക്കുകയെന്ന നിയമസംവിധാനങ്ങളുടെ ലക്ഷ്യം നടപ്പാക്കുന്നതിനായി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടേയും കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന മറ്റ് സംവിധാനങ്ങളുടേയും പ്രവര്‍ത്തനങ്ങള്‍ ജനകീയമാക്കണമെന്ന് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി പറഞ്ഞു. എല്ലാ മേഖലകളുമായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി സ്‌കൂള്‍ തലത്തില്‍ കൗണ്‍സിലിംഗ് സെന്ററുകള്‍ ആരംഭിക്കും. ജില്ലയിലെ മുഴുവന്‍ സി.ഡബ്ല്യു.സി കൗണ്‍സിലര്‍മാര്‍ക്കും പരിശീലനം നല്‍കികഴിഞ്ഞതായും അവര്‍ പറഞ്ഞു. സംസ്ഥാന ബാലാവകാശ കമ്മീഷന്‍ മുന്‍ ചെയര്‍മാനും അംഗവുമായ നസീര്‍ ചാലിയം അധ്യക്ഷനായി.
അര്‍ഹരായവര്‍ക്ക് സഹായം എത്തുന്നുണ്ടോയെന്ന് പരിശോധിക്കണമെന്ന് പരിപാടിയില്‍ മുഖ്യാതിഥിയും വിശ്വാസ് പ്രസിഡന്റുമായ ജില്ലാ കലക്ടര്‍ ഡി.ബാലമുരളി പറഞ്ഞു. ബാലവേല പോലെയുള്ള കുറ്റകൃത്യങ്ങള്‍ നേരിട്ടറിയാന്‍ കഴിയുമെങ്കിലും കുട്ടികള്‍ അനുഭവിക്കുന്ന മറ്റു തരത്തിലുള്ള പീഡനങ്ങള്‍ പലപ്പോഴും രക്ഷിതാക്കളുടെ പോലും ശ്രദ്ധയില്‍പെടാറില്ല. ഇത്തരം പ്രശ്നങ്ങള്‍ കണ്ടെത്തുന്നതിനും ജനങ്ങള്‍ക്കിടയില്‍ നിയമബോധവത്ക്കരണം നടത്തുന്നതിനും സാമൂഹിക സംഘടനകള്‍, സന്നദ്ധസംഘടനകള്‍ എന്നിവ സമൂഹത്തിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയില്‍ ശിശുസംരക്ഷണ നടപടിക്രമങ്ങളുടെ സമാഹാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി സംസ്ഥാന ബാലാവകാശ കമ്മീഷന്‍ മുന്‍ ചെയര്‍മാനും അംഗവുമായ നസീര്‍ ചാലിയത്തിന് നല്‍കി പ്രകാശനം ചെയ്തു. തുടര്‍ന്ന് ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികളുടെ പുനരധിവാസം, പരിചരണ പദ്ധതികള്‍ എന്നിവയെക്കുറിച്ച് പ്രേരണ മുംബൈ ആന്റി ട്രാഫിക്കിംഗ് സെന്റര്‍ പ്രൊജക്ട് മാനേജര്‍ കാഷിന കരീം, ശിശുസംരക്ഷണ നിയമങ്ങള്‍, നടപടികള്‍ എന്നിവയെക്കുറിച്ച് മുംബൈ ഇന്റര്‍നാഷണല്‍ ജസ്റ്റിസ് മിഷന്‍ ലീഗല്‍ കണ്‍സള്‍ട്ടന്റ് കിലെ ഡിസൂസ, കുട്ടികളും മനുഷ്യക്കടത്തും എന്ന വിഷയത്തില്‍ കേന്ദ്ര ആഭ്യന്തരവകുപ്പ് മനുഷ്യക്കടത്ത് വിരുദ്ധ പരിശീലകന്‍ പി.പ്രേനാഥ് എന്നിവര്‍ ക്ലാസെടുത്തു.
ഇന്റര്‍നാഷണല്‍ ജസ്റ്റിസ് മിഷന്‍, പ്രേരണ മുംബൈ, സംസ്ഥാന വനിതാ ശിശു വികസന ഡയറക്ടറേറ്റ്, കുട്ടികളുടെ അവകാശ സംരക്ഷണത്തിനുള്ള സംസ്ഥാന കമ്മീഷന്‍ എന്നിവയുടെ സഹകരണത്തോടെ പാലക്കാട് ടോപ് ഇന്‍ ടൗണ്‍ ഹാളില്‍ നടത്തിയ പരിശീലനത്തില്‍ വിശ്വാസ് സെക്രട്ടറി അഡ്വ.പി.പ്രേനാഥ്, സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അംഗം അഡ്വ.ശ്രീല മേനോന്‍, ഇന്റര്‍നാഷണല്‍ ജസ്റ്റിസ് മിഷന്‍ പ്രതിനിധി റെനി ജേക്കബ്, വിശ്വാസ് ജോയിന്റ് സെക്രട്ടറി അഡ്വ.ആര്‍.ദേവികൃപ എന്നിവര്‍ സംസാരിച്ചു.