പാലക്കാട്:ആരോഗ്യ വകുപ്പിന്റെ കുഷ്ഠരോഗ നിര്‍ണയ യജ്ഞം അശ്വമേധത്തിന്റെ ഭാഗമായി ജില്ലയില്‍ നടത്തിയ പരിശോധ നയില്‍ 55 പേര്‍ക്ക് കൂടി കുഷ്ഠരോഗബാധ കണ്ടെത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. സെപ്തംബര്‍ 23 മുതല്‍ ഒക്ടോബര്‍ ആറ് വരെ ജില്ലയിലെ മുഴുവന്‍ പഞ്ചായത്തു കളിലും നഗരസഭകളിലും വീടുകള്‍ കയറി സന്നദ്ധപ്രവര്‍ത്തകര്‍ നടത്തിയ സര്‍വ്വേയിലാണ് രോഗബാധിതരെ കണ്ടെത്തിയത്. വിദഗ്ധ പരിശോധനയ്ക്കുശേഷം ഇവരുടെ ചികിത്സ ആരംഭിച്ചു. തുടര്‍ന്നും 25 ഓളം പേരെ വിദഗ്ധ പരിശോധനകള്‍ക്കും നിരീക്ഷണങ്ങള്‍ക്കും വിധേയമാക്കും.

അശ്വമേധം പ്രചരണ പരിപാടിയോടെ ഈ സാമ്പത്തിക വര്‍ഷം ജില്ലയില്‍ ഇതുവരെ കണ്ടെത്തിയ രോഗബാധിതരുടെ എണ്ണം 110 ആയി. ഇതില്‍ 20 പേര്‍ക്ക് അംഗവൈകല്യം തുടങ്ങിയിട്ടുണ്ട്. കണ്ടെത്തിയ കേസുകളില്‍ 11 പേര്‍ കുട്ടികളും ആറുപേര്‍ ഇതര സംസ്ഥാന തൊഴിലാളികളുമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ ജില്ലയില്‍ 494 പേരാണ് കുഷ്ഠരോഗത്തിന് ചികിത്സ തേടിയത്. നിലവില്‍ 201 പേര്‍ ചികിത്സ തുടരുന്നു. ജില്ലയില്‍ ഒരു ലക്ഷം ആളുകളില്‍ ഏഴ് പേര്‍ക്ക് എന്ന തോതിലാണ് രോഗബാധ.

വായുവിലൂടെ പകരുന്ന രോഗമായതിനാല്‍ ഏത് വിഭാഗം ആളുകളെയും രോഗം ബാധിക്കാം. ആരംഭത്തിലുളള ചികിത്സ അംഗവൈകല്യം ഒഴിവാക്കും. ആറ് മാസമോ ഒരു വര്‍ഷമോ മരുന്ന് കഴിച്ചാല്‍ രോഗം ഏത് ഘട്ടത്തിലും പരിപൂര്‍ണമായും മാറും. ചികിത്സയും സൗജന്യമാണ്. ചികിത്സാ കാലയളവില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ധനസഹായവും ലഭിക്കും.

ശരീരത്തില്‍ സ്വയം പരിശോധന നടത്തിയും സ്വയം കാണാന്‍ പറ്റാത്ത ശരീരഭാഗങ്ങളില്‍ മറ്റുളളവരെക്കൊണ്ട് പരിശാധിപ്പിച്ചും വിവിധ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ കാണിച്ച് രോഗമില്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!