പാലക്കാട്: വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കലില്‍ (ഇലക്ടറല്‍ റോള്‍ എന്റോള്‍മെന്റ്) മുണ്ടൂര്‍ യുവക്ഷേത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് നൂറു ശതമാനം നേട്ടം കൈവരിച്ചു. യുവക്ഷേത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജമെന്റ് ക്യാംപസില്‍ വെച്ച് നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ജി. പ്രിയങ്കയാണ് പ്രഖ്യാപനം നടത്തിയത്.
സ്ഥാപനത്തില്‍ പഠിക്കുന്ന പ്രായപൂര്‍ത്തിയായ എല്ലാവരും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തിട്ടുണ്ട്. 2257 വിദ്യാര്‍ഥികളാണ് കോളേജില്‍ പഠിക്കുന്നത്. അന്താരാഷ്ട്ര വനിതാ ദിനാചരണത്തോടനുബന്ധിച്ച് വനിതാ വോട്ടര്‍മാര്‍ക്കായി സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നേതൃത്വത്തില്‍ ആരംഭിച്ച ‘ജനാധിപത്യത്തിന്റെ ശക്തി : 1000 വനിതാ ചലഞ്ചിലും കോളേജ് നൂറു ശതമാനം നേട്ടം കൈവരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ഇലക്ടറല്‍ ലിറ്ററസി ക്ലബ്, ആദ്യത്തെ കോളജ് എന്നീ നേട്ടങ്ങളും കൈവരിച്ചത് യുവക്ഷേത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ആണ്. നേട്ടം സ്വന്തമാക്കിയ് കോളേജിലെ ഇലക്ടറല്‍ ലിറ്ററസി ക്ലബ്ബ് അംഗങ്ങളെയും വിദ്യാര്‍ഥികളെയും ജില്ലാ കളക്ടര്‍ അഭിനന്ദിച്ചു.
തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുക എന്ന മൗലികാവകാശം വിനിയോഗിക്കണമെന്നും, തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളികളായി രാഷ്ട്രത്തിന്റെ പുരോഗമനപരമായ വളര്‍ച്ചയുടെ ഭാഗമായി മാറുക എന്നതാണ് ഓരോ വിദ്യാര്‍ഥിയുടെയും കടമ എന്നും ജില്ലാ കളക്ടര്‍ ഓര്‍മിപ്പിച്ചു.
നേട്ടങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കോളേജില്‍ വെച്ച് നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക ആദരിച്ചു. ചടങ്ങില്‍ തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ എസ്. സജീദ്, കോളജ് ഡയറക്ടര്‍ റവ. ഫാ. മാത്യു വാഴയില്‍, പ്രിന്‍സിപ്പല്‍ ഡോ. ടോമി ആന്റണി, വൈസ് പ്രിന്‍സിപ്പല്‍ റവ. ഫാ. ഡോ. ജോസഫ് ഒളിക്കല്‍കൂനല്‍, ഇലക്ടറല്‍ ലിറ്ററസി ക്ലബ്ബ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി.എ ടോംസ്, കോളേജ് ഇലക്ടറല്‍ ലിറ്ററസി ക്ലബ്ബ് കോ ഓര്‍ഡിനേറ്റര്‍ കെ.പി അഞ്ജു തുടങ്ങിയവരും അധ്യാപകരും വിദ്യാര്‍ഥികളും പങ്കെടുത്തു.
