മണ്ണാര്‍ക്കാട്:കൊറോണ രോഗ ഭീതിയെ തുടര്‍ന്ന് വ്യാപാര മേഖല യിലുണ്ടായ പ്രതിസന്ധി കണക്കിലെടുത്ത് മൂന്ന് മാസത്തേക്ക് കെട്ടിട വാടക ഒഴിവാക്കണമെന്നും തുടര്‍ന്നുള്ള കുറച്ച് നാളത്തേക്ക് വാടക 50 ശതമാനമാക്കി നിജപ്പെടുത്തണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മണ്ണാര്‍ക്കാട് യൂണിറ്റ് ഭാരവാഹികള്‍ കെട്ടിട ഉടമകളോട് ആവശ്യപ്പെട്ടു.ഇത് സംബന്ധിച്ച് ഏകോപന സമിതി കെട്ടിട ഉടമകള്‍ക്ക് കത്ത് നല്‍കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
നിലവില്‍ സാമ്പത്തിക മാന്ദ്യം നിമിത്തം വ്യാപരത്തില്‍ മാന്ദ്യമുണ്ട്. വര്‍ഷങ്ങളായി മണ്ണാര്‍ക്കാട് നഗരത്തിലെ വ്യാപാരികള്‍ സഹിച്ച് പോരുന്ന സാമ്പത്തിക നഷ്ടം ഈ വര്‍ഷം നികത്താന്‍ കഴിയുമെന്ന പ്രത്യാശയ്ക്ക് മേലാണ് പുതിയ തിരിച്ചടിയുണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ വിവിധ വകുപ്പുകളുടെ ഭാഗത്ത് നിന്നുള്ള കട പരിശോധന ഒഴിവാക്കണമെന്നും പിഴ നടപടികളില്‍ നിന്നും വിട്ട് നില്‍ക്കണമെന്നും വ്യാപാരികള്‍ സര്‍ക്കാരിനോടും വകുപ്പ് ഉദ്യോഗ സ്ഥരോടും ആവശ്യപ്പെട്ടു.
വ്യാപാരികളുടെ വായ്പകള്‍ക്ക് പലിശ ഇളവ് നല്‍കാന്‍ ബാങ്കുകള്‍ തയ്യാറാകണം.സര്‍ക്കാര്‍ വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കും സഹായ ധനം വിതരണം ചെയ്യണം.മണ്ണാര്‍ക്കാട് നഗരസഭ അമിത മായി വര്‍ധിപ്പിച്ച ലൈസന്‍സ് ഫീ,പ്രൊഫഷണല്‍ ടാക്‌സ് എന്നിവ കുറച്ച് നല്‍കണമെന്ന് കാണിച്ച് ഏകോപന സമിതി നല്‍കിയ പരാ തിയില്‍ എത്രയും വേഗം തീരുമാനമെടുത്ത് ടാക്‌സ് കുറക്കാന്‍ വേണ്ട നടപടികളുണ്ടാകണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ബ്രേക്ക് ദി ചെയിന്‍ കാമ്പയിനിന്റെ ഭാഗമായി മണ്ണാര്‍ക്കാട് നഗരത്തിലെ അഞ്ചിടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് കൈകഴുകുന്നതിനായുള്ള കേന്ദ്രങ്ങള്‍ വ്യാപാരികളുടെ നേതൃത്വ ത്തില്‍ ഒരുക്കും.ഹാന്‍ഡ് വാഷിംഗ് കിയോസ്‌കുകളുടെ ഉദ്ഘാടനം മുനിസിപ്പല്‍ ബസ് സ്റ്റാന്റ് പരിസരത്ത് നടക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
കുടിവെള്ള ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മണ്ണാര്‍ക്കാട് നഗരത്തിലെ പല ഭാഗങ്ങളിലും പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകു ന്നത് തടയുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികളുണ്ടാ യില്ലെങ്കില്‍ സമരപരിപാടികളുമായി ഏകോപന സമിതി മണ്ണാര്‍ക്കാട് യൂണിറ്റ് മുന്നോട്ട് വരുമെന്നും വ്യാപാരികള്‍ മുന്നറിയിപ്പ് നല്‍കി. വാര്‍ത്താ സമ്മേളനത്തില്‍ ബാസിത് മുസ്ലിം,രമേഷ് പൂര്‍ണ്ണിമ,എന്‍ ആര്‍ സുരേഷ്,കൃഷ്ണകുമാര്‍,ഷമീര്‍,വേണു വര്‍ണ്ണിത തുടങ്ങിയവര്‍ പങ്കെടുത്തു