മണ്ണാര്‍ക്കാട്: ദൂരൂഹസാഹചര്യത്തില്‍ നാട്ടുവൈദ്യനേയും ചികിത്സക്കുവന്ന ആളെയും മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ പൊലിസ് അന്വേഷണം തുടങ്ങി. കാഞ്ഞിരപ്പുഴ കാണിവായ് ഊരിന് സമീപമുള്ള നാട്ടുവൈദ്യന്‍ കുറുമ്പന്‍ (58), കരിമ്പുഴ പഞ്ചായത്തിലെ കുലുക്കിലിയാട് താമസിക്കുന്ന ബാലു (45) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ആറിന് കണിവായിലാണ് സംഭവം. ബാലുവിനെ കുറുമ്പന്റെ വീടിന്റെ പിന്‍വശത്തോടു ചേര്‍ന്നും കുറുമ്പനെ കിടപ്പുമുറിയിലുമാണ് അനക്കമറ്റ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇരുവരേയും നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായി പരിശോധിച്ച ഡോക്ടര്‍മാര്‍ അറിയിച്ചു. കുറുമ്പന്‍ പച്ചമരുന്നുകള്‍ ഉപയോഗിച്ചുള്ള നാട്ടുവൈദ്യവും പൂജയുമെല്ലാം വര്‍ഷങ്ങളായി നടത്തിവരുന്ന ആളാണെന്ന് പറയപ്പെടുന്നു. സംഭവദിവസം രാവിലെ സുഹൃത്തിനൊപ്പമാണ് ബാലു കുറുമ്പന്റെ വീട്ടിലെത്തിയത്. കുറുമ്പന്റെ ഭാര്യ ലീലയും അമ്മ നീലിയും ആടുകളെ മേയ്ക്കാനും പോയി. പിന്നീട് ആനമൂളിയില്‍ നിന്നും സ്ത്രീകള്‍ ഉള്‍പ്പടെയുള്ള നാലു പേരും ചികിത്സ തേടി എത്തിയിരുന്നു. വൈകിട്ടോടെ കുറുമ്പന്റെ നിര്‍ദേശാനുസരണം പൂജാസാധനങ്ങള്‍ വാങ്ങാനായി സുഹൃത്ത് കടയിലേക്ക് പോയി. പിന്നീട് ബാലുവിനെ വീടിന്റെ പിന്‍വശത്ത് കിടക്കുന്നതാണ് ഇവിടെയുണ്ടായിരുന്നവര്‍ കാണുന്നത്.തിരിച്ചെത്തിയ സുഹൃത്തിനോട് ഇക്കാര്യം പറഞ്ഞു. അനക്കമറ്റനിലയില്‍ കിടക്കുന്ന ബാലുവിനെ കണ്ടതോടെ സുഹൃത്ത് പെട്ടെന്ന് തന്നെ ഇവിടെ നിന്നും കടന്നുകളഞ്ഞു. ചികിത്സക്കെത്തിയവര്‍ കുറുമ്പനോടും കാര്യമറിയിച്ചു. ബാലുവിനെ വന്ന് നോക്കിയ കുറുമ്പന്‍ നെഞ്ചുവേദന അനുഭപ്പെടുന്നതായി പറഞ്ഞശേഷം മുറിയില്‍ കയറി കട്ടിലില്‍ കിടക്കുകയാണ് ചെയ്തത്. ഇവിടെയുണ്ടായിരുന്നവര്‍ ഉടന്‍ സമീപവീടുകളിലുള്ളവരെ വിവരം അറിയിച്ചു. നാട്ടുകാര്‍ ഇരുവരേയും ആദ്യം തച്ചമ്പാറയിലെ സ്വകാര്യആശുപത്രിയിലും മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരികരീച്ചു. മണ്ണാര്‍ക്കാട് പൊലിസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയിലേക്ക് പോസ്റ്റുമാര്‍ട്ടത്തിനായി മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ ഇരുവരുടെയും ശരീരത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയിട്ടുണ്ടെന്നും ആന്തരികാവയവങ്ങളുടെ രാസപരിശോധനയ്ക്കുശേഷമേ കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ കഴിയൂ എന്നും പൊലിസ് പറഞ്ഞു. മണ്ണാര്‍ക്കാട് പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.സി.എ. എ. അജീഷിനാണ് അന്വേഷണത്തിന്റെ ചുമതല. കുറുമ്പന് ആരോഗ്യകരമായ പ്രശ്നങ്ങളുണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. മരിച്ച കുറുമ്പന് മക്കളില്ല. കൂലിപ്പണിക്കാരനാണ് മരിച്ച ബാലു. ശാന്തയാണ് ഭാര്യ. മക്കള്‍: നന്ദു, അഞ്ജലി.