മണ്ണാര്‍ക്കാട്: യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണത്തിന്റെ അന്തിമ റിപ്പോര്‍ട്ട് ലഭ്യമാക്കണമെന്ന് ആവശ്യവുമായി കുടുംബം കോടതി പരിസരത്തെത്തി. നീതി ലഭ്യമാക്കാന്‍ കോടതിയുടെ സഹായം വേണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ടുള്ള പോസ്റ്ററുകളും കൈയില്‍പിടിച്ചാണ് കുടുംബമെത്തിയത്. മേലാറ്റൂര്‍ സ്വദേശിനി ഫെമിന (22)യുടെ മരണവുമായി ബന്ധപ്പെട്ടാണ് പതിനഞ്ചുകാരിയായ മകള്‍, ഫെമിനയുടെ പിതാവ് മേലാറ്റൂര്‍ കളത്തില്‍വീട്ടില്‍ മുഹമ്മദലി ഹാജി, മക്കളായ മുഹമ്മദ് ഫാസില്‍, മുഹമ്മദ് ഫഹദ് എന്നിവര്‍ രംഗത്തെത്തിയത്. 2007ലാണ് കല്ലടിക്കോട് പാലക്കല്‍ വീട്ടില്‍ അസ്‌കര്‍ അലിയുമായി ഫെമിനയുടെ വിവാഹം നടന്നത്. 2009 നവംബര്‍ 17ന് ഫെമിന മരിച്ചു. സംഭവദിവസം കല്ലടിക്കോട്ടെ വീടിന്റെ മുകള്‍നിലയിലുള്ള കിടപ്പുമുറിയില്‍ യുവതിയെ തൂങ്ങിയ നിലയില്‍ കാണപ്പെട്ടതായാണ് ഭര്‍തൃവീട്ടുകാര്‍ പറയുന്നത്. ഉടന്‍ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോള്‍ മരണംസംഭവിച്ചതായി ഡോക്ടര്‍ അറിയിച്ചു. പാലക്കാട് ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടവും നടത്തിയെങ്കിലും രാസപരിശോധനാഫലം വൈകിയതിനാല്‍ അന്തിമമായ പോസ്റ്റുമോര്‍ട്ടംറിപ്പോര്‍ട്ട് ലഭിച്ചിരുന്നില്ല. പ്രാഥമിക റിപ്പോര്‍ട്ടിന്‍മേലാണ് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മണ്ണാര്‍ക്കാട് പൊലിസ് കേസെടുത്തെങ്കിലും അന്നത്തെ ഷൊര്‍ണൂര്‍ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടത്തിയത്. അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് യുവതിയുടെ കുടുംബം 2010 ല്‍ ഹൈക്കോടതിയെ സമീപിച്ചു. കോടതി അന്വേഷണം ക്രൈംബ്രാഞ്ചിന് വിടുകയുമായിരുന്നു. 2012 ല്‍ ലഭിച്ച അന്തിമപോസ്റ്റുമോര്‍ട്ടംറിപ്പോര്‍ട്ടില്‍ ഫെമിനയുടെ ശരീരത്തില്‍ സയനൈഡിന്റെ അംശവും സ്ഥിരീകരിച്ചിരുന്നു. ഫെമിന തൂങ്ങിമരിച്ചതല്ലെന്നും സയനൈഡ് നല്‍കിയശേഷം കെട്ടിതൂക്കിയതാണെന്നുമാണ് കുടുംബം ആരോപിക്കുന്നത്. നിലവില്‍ സ്ത്രീധനനിരോധന നിയമപ്രകാരമാണ് കേസ്. എന്നാല്‍ കൊലപാതകകുറ്റത്തിന് കേസെടുക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് ഹൈക്കോടതിയില്‍ പോകാനും സി.ബി.ഐ. അന്വേഷണം ആവശ്യപ്പെടാനുമാണ് കുടുംബത്തിന്റെ നീക്കം. ഇന്നലെ ക്രൈംബ്രാഞ്ച് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് കുടുംബാംഗങ്ങള്‍ കോടതിപരിസരത്തെത്തിയത്. സ്ഥലത്ത് പൊലിസുണ്ടായിരുന്നു.