മണ്ണാര്‍ക്കാട് : 2022-23 വര്‍ഷത്തെ റേഷന്‍ സാധനങ്ങളുടെ ഗതാഗത കൈകാര്യ അനുബ ന്ധ ചെലവിനത്തില്‍ സപ്ലൈകോയ്ക്ക് നല്‍കാനുള്ള കുടിശികയായ 199.25 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ നോഡല്‍ ഏജന്‍സിയായ സപ്ലൈകോ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്ന ട്രാന്‍സ് പോര്‍ട്ടേഷന്‍ കോണ്‍ട്രാക്ടര്‍മാര്‍ മുഖേനയാണ് റേഷന്‍ കടകളില്‍ എത്തിക്കുന്നത്.
ഗതാഗത ചെലവിനത്തില്‍ കോണ്‍ട്രാക്ടര്‍മാര്‍ക്ക് പ്രതിമാസം നല്‍കേണ്ട തുക സപ്ലൈ കോ മുന്‍കൂറായി നല്‍കിയ ശേഷം സര്‍ക്കാരില്‍ നിന്നും റീഇംബേഴ്‌സ്‌മെന്റ് ചെയ്യുന്ന രീതിയിലാണ് നിലവില്‍ തുടര്‍ന്ന് വരുന്നത്. കേന്ദ്രവിഹിതം, സംസ്ഥാന വിഹിതം, അ ധിക സംസ്ഥാന വിഹിതം, നോണ്‍ എന്‍.എഫ്.എസ്.എ എന്നീ ഹെഡുകളില്‍ നി ന്നാണ് ഗതാഗത കൈകാര്യ അനുബന്ധ ചെലവുകള്‍ക്കുള്ള തുക കണ്ടെത്തുന്നത്. അധിക സംസ്ഥാന വിഹിതമായ 116.34 കോടി രൂപയും നോണ്‍ എന്‍.എഫ്.എസ്.എ സംസ്ഥാന പദ്ധതി പ്രകാരമുള്ള 69.29 കോടി രൂപയുമാണ് ഇപ്പോള്‍ അനുവദിച്ചത്.
റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട കേന്ദ്ര സംസ്ഥാന വിഹിതമായ 63.62 കോടിയില്‍ കുടിശികയുണ്ടായിരുന്ന 13.62 കോടി രൂപയും അനുവദിച്ച് ഉത്തരവായിട്ടുണ്ട്. ക്രിസ്തു മസിനോടനുബന്ധിച്ചുള്ള വിപണി ഇടപെടലിനായി 17.63 കോടി രൂപയും അനുവദിച്ചു.