ഒറ്റപ്പാലം: വൃക്കരോഗികള്‍ക്ക് സാന്ത്വനമേകി ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്തിന്റെ ഡയാലിസിസ് ചികിത്സ ധനസഹായ പദ്ധതി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഡയാലിസിന് വിധേയരായിക്കൊണ്ടിരിക്കുന്ന വൃക്കരോഗികളില്‍ ഒരാള്‍ക്ക് പരമാവധി 4000 രൂപ നല്‍കുന്നതാണ് പദ്ധതി. തുക ആ ശുപത്രികള്‍ക്കാണ് കൈമാറുക. ഒരു ഡയാലിസിന് 1000 രൂപയാണ് ലഭിക്കുക. ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്തും ബ്ലോക്കിന് കീഴിലെ ഗ്രാമപഞ്ചായത്തുകളും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. 2023-24 സാമ്പത്തിക വര്‍ഷം ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക ഫണ്ടില്‍ നിന്നും 11 ലക്ഷം രൂപയും ബ്ലോക്ക് പരിധിയിലെ എട്ട് ഗ്രാമപഞ്ചായത്തുകള്‍ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ട് ലക്ഷം രൂപ വീതവും വകയിരുത്തിയാണ് പദ്ധതി നട പ്പാക്കുന്നത്. നിലവില്‍ ബ്ലോക്ക് പരിധിയിലെ 73 രോഗികള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുണ്ട്.
അമ്പലപ്പാറ ഗ്രാമപഞ്ചായത്തില്‍ എട്ട്, ലക്കിടി-പേരൂര്‍ ഗ്രാമപഞ്ചായത്തില്‍ ഒന്‍പത്, തൃക്കടീരി ഗ്രാമപഞ്ചായത്തില്‍ ആറ്, വാണിയംകുളം ഗ്രാമപഞ്ചായത്തില്‍ അഞ്ച്, അനങ്ങനടി ഗ്രാമപഞ്ചായത്തില്‍ അഞ്ച്, ചളവറ ഗ്രാമപഞ്ചായത്തില്‍ നാല്, നെല്ലായ ഗ്രാമപഞ്ചായത്തില്‍ 17, വല്ലപ്പുഴ ഗ്രാമപഞ്ചായത്തില്‍ 19 പേര്‍ ഇതില്‍ ഉള്‍പ്പെടും. ഒരു മാസം ഏകദേശം 1,80,000 രൂപയാണ് പദ്ധതിക്കായി ചെലവാകുന്നത്. 2022 ഏപ്രിലിലാണ് ബ്ലോക്ക് പഞ്ചായത്തില്‍ ഈ പദ്ധതി ആരംഭിച്ചത്. 2022-23 സാമ്പത്തിക വര്‍ഷം 11 ലക്ഷം രൂപയാണ് ബ്ലോക്ക് പഞ്ചായത്ത് പദ്ധതിക്കായി വകയിരുത്തിയത്. അതില്‍ 10.87 ലക്ഷം രൂപ 75 ഗുണഭോക്താക്കള്‍ക്കായി ചെലവഴിച്ചു. 2023 ഏപ്രില്‍ മുതല്‍ ഇതുവരെ 10.55 ലക്ഷം രൂപ പദ്ധതിക്കായി ചെലവഴിച്ചു.