പാലക്കാട് :ലൈഫ് മിഷന്‍ പദ്ധതി പ്രകാരം ജില്ലയില്‍ വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഗുണഭോക്താക്കളുടെ കുടുംബസംഗമം 2020 ജനുവരി ഏഴിന് രാവിലെ 11 ന് പാലക്കാട് കോട്ടമൈതാനിയില്‍ നടക്കുമെന്ന് പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്കക്ഷേമ-നിയമ-സാംസ്‌ക്കാരിക-പാര്‍ലമെന്ററികാര്യവകുപ്പ് മന്ത്രി എ.കെ ബാലന്‍ അറിയിച്ചു. വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളിലേക്കെത്തി ക്കുക, വിവിധ രേഖകളുടെ ലഭ്യതയിലുളള തടസ്സം ഒഴിവാക്കുക ലക്ഷ്യമിട്ട് സംഗമത്തിനുശേഷം അദാലത്തുകളും സംഘടിപ്പിക്കും. പാലക്കാട് ദാരിദ്ര ലഘൂകരണ വിഭാഗം കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാതല കുടുംബസംഗമത്തിന്റെ ഭാഗമായുള്ള സംഘാടക സമിതി രൂപീകരണ യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് ലൈഫ് മിഷന്‍ പദ്ധതിയില്‍ ഒന്ന്, രണ്ട് ഘട്ടങ്ങളി ലായി പൂര്‍ത്തിയായ രണ്ട് ലക്ഷം വീടുകളുടെ നിര്‍മ്മാണം ഡിസംബര്‍ 31 നകം പൂര്‍ത്തീകരിക്കുകയാണ് മിഷന്‍ ലക്ഷ്യ മിടുന്നത്. ലൈഫ് മിഷന്‍ പദ്ധതിയില്‍ സംസ്ഥാനതലത്തില്‍ പൂര്‍ത്തിയായ രണ്ട് ലക്ഷം വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം ജനുവരി 26 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
ജനുവരി 15 നകം ബ്ലോക്ക് -മുനിസിപ്പാലിറ്റി – നഗരസഭാ തലത്തില്‍ കുടുംബസംഗമങ്ങള്‍ സംഘടിപ്പിക്കും. ഇതോടൊപ്പം ലൈഫ് ഗുണഭോക്താക്കളെ സംസ്ഥാന -കേന്ദ്ര സര്‍ക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികളിലും സേവനങ്ങളിലും ഉള്‍പ്പെടുന്നതിനായി വിവിധ വകുപ്പുതല ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ബ്ലോക്ക്/ നഗരസഭാ/കോര്‍പ്പറേഷന്‍ തലത്തില്‍ അദാലത്തുകള്‍ സംഘടിപ്പിക്കും.
ജില്ലാതല കുടുംബ സംഗമത്തിനായി ജില്ലയുടെ ചുമതലയുളള മന്ത്രി രക്ഷാധികാരിയും, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും, ജില്ലാ കളക്ടര്‍ കണ്‍വീനറും, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ജോയിന്റ് കണ്‍വീനറും, ബ്ലോക്ക് തലത്തില്‍ ബന്ധപ്പെട്ട എം.എല്‍.എ രക്ഷാധികാരിയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കണ്‍വീനറായും ബന്ധപ്പെട്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍ അംഗങ്ങളായും സംഘാടക സമിതി രൂപീകരിച്ചു. പബ്ലിസിറ്റി, ധനകാര്യം, സ്റ്റേജ്, ലൈറ്റ് സൌണ്ട്, റിസപ്ഷന്‍, രജിസ്‌ട്രേഷന്‍, ലഘുഭക്ഷണം, പുരസ്‌കാരം എന്നീ സബ്കമ്മിറ്റികളും യോഗത്തില്‍ രൂപീകരിച്ചു. ലൈഫ് ഗുണഭോക്താക്കള്‍ക്കും കുടുംബങ്ങള്‍ക്കും വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ – ഏജന്‍സികളില്‍ നിന്നും ലഭ്യമാകേണ്ട വിവിധ സാമൂഹ്യ സുരക്ഷാ സേവനങ്ങള്‍ കാലതാമസം കൂടാതെ ലഭ്യമാക്കുന്നതിനായി കുടുംബ സംഗമ വേദിയില്‍ വിവിധ വകുപ്പുകളുടേയും ഏജന്‍സികളുടെയും സ്റ്റാളുകള്‍/സഹായകേന്ദ്രങ്ങളും സജ്ജമാക്കും. സഹായകേന്ദ്രങ്ങളില്‍ സേവനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ഗുണഭോക്താക്കള്‍ക്ക് നല്‍കേണ്ടതും സേവനങ്ങള്‍ക്കായുളള അപേക്ഷകള്‍ സ്വീകരിക്കുന്നതുമാണ്.
ഐ.ടി., ലീഡ് ബാങ്ക്, റീജിയണല്‍ ബാങ്ക്, സിവില്‍ സപ്ലൈസ്, ഗ്യാസ് ഏജന്‍സികള്‍, സാനിറ്റേഷന്‍/ശുചിത്വമിഷന്‍, കുടുംബശ്രീ, എം.ജി.എന്‍.ആര്‍.ഇ.ജി.എസ്, വ്യവസായം, ഫിഷറീസ്, ബാംബൂ കോര്‍പ്പറേഷന്‍, ഡയറി, കൃഷി, ഗ്രാമവികസനം, പട്ടികവര്‍ഗ്ഗം, പട്ടികജാതി, ആരോഗ്യം, സാമൂഹ്യനീതി, വനിതാ ശിശു വികസനം, റവന്യൂ, പഞ്ചായത്ത്, ധനകാര്യം എന്നീ വകുപ്പുകളുടെ സേവനം അദാലത്തില്‍ ലഭിക്കും. ലൈഫ് മിഷന്‍ ഗുണഭോക്താക്കള്‍ക്ക് വന്‍വിലക്കുറവില്‍ പ്രധാന കമ്പനികളുടെ നിര്‍മ്മാണ സാമഗ്രികളുടെ പ്രദര്‍ശനവും വിതരണവും സംഗമ വേദിയില്‍ സജ്ജീകരിക്കും. ദാരിദ്ര ലഘൂകരണ വിഭാഗം കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി, ജില്ലാ കളക്ടര്‍ ഡി ബാലമുരളി, ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാര്‍, നഗരസഭാ അധ്യക്ഷന്മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.