മലമ്പുഴ: നിയോജക മണ്ഡലത്തില്‍ പ്രളയാനന്തര പുനര്‍നിര്‍മാണത്തിന് നബാര്‍ഡ് ധനസഹായത്തിനായി സമര്‍പ്പിച്ച പദ്ധതിക്ക് സാങ്കേതികാനുമതി ലഭിക്കുന്നതിനുള്ള നടപടി ആരംഭിച്ചു. ഏഴ് പഞ്ചായത്തുകളിലെ 12 പ്രോജക്ടുകള്‍ക്കായി 17.7 കോടിയുടെ പദ്ധതിക്ക് സര്‍ക്കാരിന്റെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാന്‍ കൂടിയായ വി.എസ് അച്യുതാനന്ദന്‍ എം.എല്‍.എ.യുടെയും കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാറിന്റെയും ശുപാര്‍ശ പ്രകാരമാണ് മലമ്പുഴയിലെ കാര്‍ഷിക മേഖലയില്‍ പുനര്‍നിര്‍മ്മാണത്തിനായി നബാര്‍ഡ് സഹായം നല്‍കുന്നത്.
പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി കുന്നന്നൂര്‍ സംസ്ഥാന വിത്തുത്പാദന കേന്ദ്രത്തില്‍ അകത്തേത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി.സദാശിവന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. മലമ്പുഴ കൃഷി അസി.ഡയറക്ടര്‍ എസ്.ലക്ഷ്മിദേവി പ്രൊജക്ടിന്റെ സംക്ഷിപ്ത രൂപം അവതരിപ്പിച്ചു. കൃഷി വകുപ്പിനാണ് പദ്ധതി നിര്‍വഹണ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. ജനുവരി 20 നകം സാങ്കേതികാനുമതിക്കായി പ്രൊജക്ട് സര്‍ക്കാരിന് സമര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കൃഷി അസി.എക്‌സി എഞ്ചിനീയറെ യോഗം ചുമതലപ്പെടുത്തി.
യോഗത്തില്‍ മലമ്പുഴ, പുതുശേരി, പുതുപരിയാരം, മരുതറോഡ്, മുണ്ടൂര്‍ എന്നിവിടങ്ങളിലെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരും മലമ്പുഴ എം.എല്‍.എ വി.എസ് അച്യുതാനന്ദന്റെ പി.എ എം. അനില്‍കുമാര്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, വാളയാര്‍ ഇറിഗേഷന്‍ പ്രൊജക്ട് എഞ്ചിനീയര്‍ പങ്കെടുത്തു.