മണ്ണാര്‍ക്കാട്:വിവിധ ആവശ്യങ്ങളുന്നയിച്ച് ആള്‍ കേരള ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ മണ്ണാര്‍ക്കാട് താലൂക്ക് കമ്മിറ്റി ഡിസംബര്‍ 27ന് മണ്ണാര്‍ക്കാട് ട്രഷറിയിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തുന്നതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു. അസോസിയേഷന്‍ ജില്ലാ സംസ്ഥാന നേതാക്കള്‍ അന്നേ ദിവസം തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തുന്ന ഉപവാസ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് താലൂക്കിലെ സമരം.മാര്‍ച്ച് പിഡബ്ല്യുഡി ഓഫീസ് പരിസരത്ത് നിന്നും ആരംഭിക്കും.ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും ജില്ലാ പഞ്ചായത്തംഗവുമായി സി അച്ചുതന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യും. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒപി ഷെരീഫ്, യുഡിഎഫ് കണ്‍വീനര്‍ സലാം മാസ്റ്റര്‍ എന്നിവര്‍ സംസാരിക്കും. ട്രഷറി സ്തംഭനം ഒഴിവാക്കുക,കുടിശ്ശിക ഉടന്‍ അനുവദിക്കുക, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ടാറിംഗ് പ്രവര്‍ത്തികള്‍ക്ക് ടാറിന്റെ യഥാര്‍ത്ഥ വില നല്‍കുക,പിഡബ്ല്യുഡിയില്‍ ഒരു കോടി രൂപ വരെയുള്ള പ്രവര്‍ത്തികള്‍ സര്‍ക്കാര്‍ ടാര്‍ വാങ്ങി നല്‍കിയിരു ന്നത് പുന:സ്ഥാപിക്കുക,സെക്യുരിറ്റി കാലാവധി വര്‍ധിപ്പിച്ചത് പിന്‍വലിക്കുക,കാപ്പബലിറ്റി സര്‍ട്ടിഫിക്കറ്റ് ഒഴിവാക്കുക,അന്യായ പിഴകള്‍ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. സര്‍ക്കാരില്‍ നിന്നും അനുകൂലമായ തീരുമാനം ഉണ്ടാകാത്ത പക്ഷം സംസ്ഥാനത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ കരാറുകാര്‍ നിര്‍ബന്ധിതരാകുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ താലൂക്ക് പ്രസിഡന്റ് കെപി മൊയ്തു, സെക്രട്ടറി ബാലകൃഷ്ണന്‍,സമരസമിതി ചെയര്‍മാന്‍ ബാബു, കൃഷ്ണദാസ്,ഗിരിദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.