പാലക്കാട്: നീര്‍ച്ചാല്‍ വീണ്ടെടുപ്പിനായി ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ നേതൃത്വ ത്തില്‍ ജലവിഭവവകുപ്പ്, തദ്ദേശഭരണ എഞ്ചിനീയറിംഗ് വിഭാഗം എന്നിവരുമായി ചേര്‍്ന്ന് സംഘടിപ്പിക്കുന്ന നീര്‍ച്ചാലുകളുടെ ജനകീയവീണ്ടെടുപ്പ് – ‘ഇനി ഞാനൊഴുകട്ടെ’ – ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ ഹരിതകേരളം മിഷന്‍ ജില്ലാഓഫീസില്‍ ഇതുവരെ ലഭ്യമായ റിപ്പോര്‍ട്ട് പ്രകാരം 206 കി.മീ. ദൈര്‍ഘ്യത്തില്‍ തോട് ശുചീകരണ പുനരുജ്ജീവന പ്രവര്‍ത്തനം നടക്കും. ജില്ല യിലാകെയുള്ള 1730 വാര്‍ഡുകളില്‍ 407 വാര്‍ഡുകളിലെ ജനങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശമനുസരിച്ച് നടക്കുന്ന ‘ഇനി ഞാനൊഴുകട്ടെ’ ജനകീയ ക്യാമ്പയിനില്‍ അണിചേരുമെന്ന ്ഹരിതകേരളം മിഷന്‍ ജില്ലാകോര്‍ഡിനേറ്റര്‍ വൈ. കല്ല്യാണ കൃഷ്ണന്‍ അറിയിച്ചു.ജില്ലയിലെ ഏഴ് നഗരസഭകളിലും നീര്‍ച്ചാല്‍ വീണ്ടെടുപ്പ് പ്രവര്‍ത്തനം നടക്കും. ഷൊര്‍ണ്ണൂര്‍ നഗരസഭ ഭാരതപ്പുഴയോരവും, കാരക്കാട് തോടും ചുഡുവാലത്തൂര്‍ തോടുമാണ് ശുചീകരണത്തിനായി തെരഞ്ഞെടുത്തിട്ടുള്ളത്. മണ്ണാര്‍ക്കാട് നഗരസഭ നാരങ്ങപ്പെറ്റ നീര്‍ച്ചാല്‍ ഉള്‍പ്പെടെ നാല് നീര്‍ച്ചാലുകളും, പാലക്കാട് നഗരസഭ മാട്ടുമന്ത ശംഖുവാരത്തോട് ഉള്‍പ്പെടെ മൂന്ന് തോടുകളും, ഒറ്റപ്പാലം കണ്ണിയംപുറംതോടുമാണ് ശുചീകരണത്തിനായി തെരഞ്ഞെടുത്തിട്ടുള്ളത്. ചെര്‍പ്പുളശ്ശേരി നഗരസഭ നാല് കി.മീ.ദൈര്‍ഘ്യമുള്ള കൊരമ്പത്തോട് തെരഞ്ഞെടുത്ത് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു വരികയാണ്. ചിറ്റൂര്‍-തത്തമംഗലം നഗരസഭയാകട്ടെ നഗരസഭയ്ക്കകത്തുള്ള മുഴുവന്‍ നീര്‍ച്ചാലുകളും ശുചീകരിക്കുന്നതിനുള്ള പദ്ധതിയാണ് തയ്യാറാക്കി ഹരിതകേരളംമിഷനെ അറിയിച്ചിട്ടുള്ളത്. ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ശ്രീകൃഷ്ണപുരം ഗ്രാമ പഞ്ചായത്തിലെ വലമ്പിലി മംഗലത്ത് ജലവിഭവവകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും. തുടര്‍ന്ന് വളാങ്കരതോടിന്റെ ശുചീകരണ പ്രവര്‍ത്തനം നടക്കും. പുഴകളുടെസംരക്ഷണത്തിനും സുഗമമായ ഒഴുക്കിനും, പഞ്ചായത്ത്-വാര്‍ഡ് പ്രദേശത്തുള്ള ഓരോ ചെറിയ നീര്‍ച്ചാലിന്റെയും ശുചീകരണം വഴിയേ സാധ്യമാകൂ എന്ന സന്ദേശമാണ് നീര്‍ച്ചാല്‍വീണ്ടെടുപ്പ് ക്യാമ്പയിന്‍ വ്യക്തമാക്കുന്നത്. ജില്ലയില്‍ പ്രധാന തോടുകളായ പേരടിയൂര്‍തോട് ( വിളയൂര്‍), വാവോലിതോട് (എലപ്പുള്ളി), കരിമ്പത്തോട് (കാരാക്കുറിശ്ശി), പരപ്പന്‍തോട് (ആനക്കര), വണ്ടിത്തോട് (നല്ലേപ്പിള്ളി), സത്രംകാവ് പുഴ ( കടമ്പഴിപ്പുറം), കണ്ടന്‍തോട് (മുതുതല), ചെങ്ങംപൊറ്റതോട്( കൊല്ലങ്കോട്), നാഴിയംപാറ തോട് (കാഞ്ഞിരപ്പുഴ), കാഞ്ഞിരംതോട് (മങ്കര), കാളേപ്പൊറ്റത്തോട് (പറളി), പുളിയംപുള്ളിതോട് (മുണ്ടൂര്‍), കോരയാര്‍ പുഴ (എരുത്തേമ്പതി), കൈതറവ് തോട് (പെരുമാട്ടി), പരശിക്കല്‍തോട് (വടകരപ്പതി), അലങ്കാര്‍തോട് (പെരുവെമ്പ്), പാണ്ടാന്‍കാവ്തോട് (വടക്കഞ്ചേരി), അമ്പാട്ട് തോട് (അകത്തേത്തറ), പൊതുമലതോട്(കൊടുമ്പ്), പാപ്പിനിതോട് (വല്ലപ്പുഴ), ഭവാനിപ്പുഴ (പുതൂര്‍), കാടാമ്പുഴായ തോട് ( പൂക്കോട്ടുകാവ്), മുളഞ്ഞൂര്‍തോട് (ലെക്കിടി-പേരൂര്‍), വാരാരിതോട് (എലവഞ്ചേരി), തെക്കേത്തോട് (കുത്തനൂര്‍), അങ്ങാടിത്തോട് (ചളവറ) എന്നിവ ജില്ലയിലെ ഭാരതപ്പുഴയുടെ നീരൊഴുക്കിനെ നിയന്ത്രിക്കുന്നവയാണെന്നും അവ ശുചീകരണത്തിനായി തെരഞ്ഞെടുത്ത് ഗ്രാമപഞ്ചായത്തു കളുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും ഭാരതപ്പുഴ പുനരുജ്ജീവന കോര്‍ കമ്മിറ്റി അറിയിച്ചു. ക്യാമ്പെയ്നുമായി ബന്ധപ്പെട്ട് നടന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ. ശാന്തകുമാരി അധ്യക്ഷയായി, കണ്‍വീനര്‍ പി.കെ. സുധാകരന്‍ മാസ്റ്റര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!