പാലക്കാട്: കേരള ടൂറിസം വകുപ്പ്, കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി, ഡി.ടി.പി.സി എന്നിവയുടെ ആഭിമുഖ്യത്തില്‍ ആരോഗ്യത്തിന് സൈക്കിള്‍ ഉപയോഗിക്കുക, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക തുടങ്ങിയ സന്ദേശങ്ങളോടെ പാലക്കാട് കോട്ട മൈതാനം മുതല്‍ മലമ്പുഴ കവ വരെ 33 കിലോമീറ്റര്‍ സൈക്കിള്‍ റാലി സംഘടിപ്പിച്ചു. രാവിലെ 8 ന് കോട്ടമൈതാനത്ത് ഒറ്റപ്പാലം സബ് കലക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന്‍ റാലി ഫ്‌ലാഗ് ഓഫ് ചെയ്തു. ഡിസംബര്‍ 20,21 തിയ്യതികളിലായി വയനാട് നടക്കുന്ന ‘എം.ടി.ബി കേരള 2019’ അന്താരാഷ്ട്ര സൈക്കിള്‍ ചാമ്പ്യന്‍ഷിപ്പിനോട് ബന്ധപ്പെട്ടുകൂടിയാണ് റാലി സംഘടിപ്പിച്ചത്.
15 വയസ് മുതല്‍ 60 വയസുവരെയുള്ള 50 ഓളം പേര്‍ റാലിയില്‍ പങ്കെടുത്തു. ജന്മനാ ഇരുകൈകളും നഷ്ടപ്പെട്ട ചിത്രകാരനായ വിദ്യാര്‍ത്ഥി പ്രണവും റാലിയില്‍ പങ്കാളിയായി.
ഡി.ടി.പി.സി. പാലക്കാട് സെക്രട്ടറി കെ. ജി. അജേഷ്, കേരള അഡ്വഞ്ചര്‍ ടൂറിസം സൊസൈറ്റി സി.ഇ.ഒ മനേഷ് ഭാസ്‌കര്‍, മുന്‍ ഡി.വൈ.എസ്.പി. കാസിം, ബി. ആനന്ദ്, ഒ. ശിവശങ്കരന്‍ നായര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.