മലമ്പുഴ: പാലുത്പാപാദനം വര്‍ദ്ധിപ്പിച്ച് കേരളം സ്വയംപര്യാപ്തമാ ക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് വനം-വന്യജീവി ക്ഷീര വികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജു പറഞ്ഞു. മലമ്പുഴയിലെ നവീകരിച്ച മില്‍മ കാലിത്തീറ്റ ഫാക്ടറിയുടെ ഉദ്ഘാടനം  നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അന്തര്‍ ദേശീയ വാണിജ്യ കരാറുകള്‍ മൂലം കാര്‍ഷികമേഖലയില്‍ വലിയ നഷ്ടമാണ് ഉണ്ടാകുന്നതെന്നും മറ്റു രാജ്യങ്ങളില്‍ നിന്ന് കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍  ഇറക്കുമതി ചെയ്യാനുള്ള നീക്കത്തില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറിയാല്‍ മാത്രമേ ക്ഷീര മേഖലയും  ലാഭത്തില്‍ ആകുകയുള്ളൂയെന്നും മന്ത്രി പറഞ്ഞു. മൂന്നുവര്‍ഷത്തിനിടെ പാലിന്  ലിറ്ററിന് എട്ടു രൂപ വര്‍ദ്ധിപ്പിച്ചത് ക്ഷീരകര്‍ഷകര്‍ക്ക്  ആശ്വാസകരമായെന്നും ക്ഷീരമേഖലയെ ആശ്രയിച്ച് 8 ലക്ഷം കുടുംബങ്ങളാണ് കേരളത്തിലുള്ളത് . കര്‍ഷകര്‍ക്ക് പാലിന് ഏറ്റവുമധികം വില നല്‍കുന്ന  സംസ്ഥാനവും കേരളമാണ്. എന്നാല്‍ കര്‍ഷകന്റെ അധ്വാനത്തിന് അനുസരിച്ച് ലാഭം ലഭിക്കണമെങ്കില്‍ പാലിന് ഇനിയും വില ലഭിക്കേണ്ടതുണ്ട്. വിപണിയില്‍ ലഭിക്കുന്ന ഏറ്റവും മികച്ച പാലുല്‍പന്നങ്ങള്‍ മില്‍മയുടേതാണെന്നും മന്ത്രി പറഞ്ഞു. നിയന്ത്രണങ്ങളില്ലാതെ കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന മുഴുവന്‍ പാലും സംഭരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. മലബാര്‍ മേഖലയിലെ ക്ഷീര സംഘങ്ങളുടെ നേതൃത്വത്തില്‍ 20 കോടി രൂപയുടെ പാല്‍ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി നടത്തുന്നത് അഭിമാനകരമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

മലമ്പുഴ കാലിത്തീറ്റ ഫാക്ടറി അങ്കണത്തില്‍ നടന്ന പരിപാടിയില്‍   മില്‍മ ചെയര്‍മാന്‍ പി. എ ബാലന്‍ മാസ്റ്റര്‍ അധ്യക്ഷനായി.  മില്‍മ മാനേജിംഗ് ഡയറക്ടര്‍ ഡോ. പാട്ടീല്‍ സുയോഗ് സുഭാഷ് റാവു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വി. കെ. ശ്രീകണ്ഠന്‍ എം പി  മുഖ്യപ്രഭാ ഷണം നടത്തി.മലബാര്‍ മേഖല യൂണിയന്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ യൂസഫ് കോറോത്ത്, പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിംഗ്,  തിരുവനന്തപുരം മേഖലാ യൂണിയന്‍ ചെയര്‍മാന്‍ കല്ലട രമേശ്, എറണാകുളം മേഖലാ യൂണിയന്‍ ചെയര്‍മാന്‍ ജോണ്‍ തെരുവത്ത്, ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ എന്‍. രാജന്‍, വികസനവകുപ്പ് ഡയറക്ടര്‍ എസ്. ശ്രീകുമാര്‍, മില്‍മ ഡയറക്ടര്‍ കരുമാടി മുരളി എന്നിവര്‍ സംസാരിച്ചു.

1970ലാണ് മലമ്പുഴയില്‍ ഫാക്ടറി ആരംഭിച്ചത്. കാലോചിതമായി നവീകരിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ മുഖേന ലഭ്യമായ 12 കോടി രൂപ ചെലവഴിച്ചാണ് ഫാക്ടറി നവീക രിച്ചത്. ഡെന്മാര്‍ക്കിലുള്ള ആന്‍ട്രി റ്റ്സ് എന്ന കമ്പനിയുടെ നൂതന, സാങ്കേതിക യന്ത്രസാമഗ്രികളായ ഹാമ്മര്‍ മില്ലും പെല്ലറ്റ് മില്ലും അനുബന്ധ ഉപകരണങ്ങളും ഇറക്കുമതി ചെയ്താണ് ഫാക്ടറി നവീകരിച്ചത്. കൂടാതെ പുതിയ ബാച്ചിംഗ് സെഷന്‍, ഓട്ടോമേഷന്‍ തുടങ്ങി സംവിധാനങ്ങളും സ്ഥാപിച്ചിട്ടുണ്ട്. പ്രതിദിനം 300 ടണ്‍ കാലിത്തീറ്റ ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കുമെന്ന് മില്‍മ ചെയര്‍മാന്‍ പി എ ബാലന്‍ മാസ്റ്റര്‍ പറഞ്ഞു. ക്ഷീരസംഘങ്ങള്‍ വഴിയാണ് ക്ഷീരകര്‍ഷകര്‍ക്ക് മിതമായ വിലയ്ക്ക് മില്‍മ കാലിത്തീറ്റ വിതരണം ചെയ്യുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!