അട്ടപ്പാടി:അറിവ് നേടുന്നതിനും പഠിക്കുന്നതിനും പ്രായം പരിധി അല്ലെന്നും സാക്ഷരതയിലൂടെ മാത്രമേ വിശാലമായ ലോകത്തെ കാണാന്‍ സാധിക്കുകയുള്ളൂ എന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. അട്ടപ്പാടി സമ്പൂര്‍ണ്ണ ആദിവാസി സാക്ഷരതാ പദ്ധതിയുടെ മൂന്നാം ഘട്ട പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. മുക്കാലി ഫോറസ്റ്റ് ഡോര്‍മെട്രി ഹാളില്‍ നടന്ന പരിപാടിയില്‍ എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ. അധ്യക്ഷനായി
1991 ല്‍ കേരളം സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ചിരുന്നെങ്കിലും ഇനിയും ചിലയിടങ്ങളിലെങ്കിലും സാക്ഷരത കൈവരിക്കാനുണ്ട്. അത്തരം സ്ഥലങ്ങളില്‍ കൂടി സാക്ഷരത കൈവരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സാക്ഷരതാമിഷന്‍ പ്രവര്‍ത്തിക്കുന്നത്. അട്ടപ്പാടി ബ്ലോക്കിലെ മൂന്നാംഘട്ട സാക്ഷരതാ പ്രവര്‍ത്തനത്തിലൂടെ അട്ടപ്പാടി ബ്ലോക്ക് ഇന്ത്യയിലെതന്നെ ആദ്യത്തെ ആദിവാസി സമ്പൂര്‍ണ്ണ സാക്ഷരത ബ്ലോക്കായി മാറുമെന്നത് കേരളത്തിന് അഭിമാനമാണെന്നും മന്ത്രി പറഞ്ഞു.
ആദിവാസി മേഖലയിലെ നിരക്ഷരത പൂര്‍ണമായും ഇല്ലാതാക്കാനും അവര്‍ക്ക് തുടര്‍ വിദ്യാഭ്യാസത്തിന് അവസരമൊരുക്കാനും ലക്ഷ്യമിട്ടാണ് അട്ടപ്പാടി സമ്പൂര്‍ണ ആദിവാസ സാക്ഷരതാ പദ്ധതി നടപ്പാക്കുന്നത് . 2020 ഏപ്രില്‍ 18ന് സമ്പൂര്‍ണ്ണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യത്തെ ആദിവാസി ബ്ലോക്ക് പഞ്ചായത്തായി അട്ടപ്പാടിയെ പ്രഖ്യാപിക്കുകയാണ് പദ്ധതി ലക്ഷ്യം. ജനകീയ പങ്കാളിത്തത്തോടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയും നടത്തിയ സാക്ഷരതാ സര്‍വേയില്‍ കണ്ടെത്തിയ 3087 പഠിതാക്കള്‍ക്ക് പ്രവേശനോത്സവത്തിലൂടെ ക്ലാസുകള്‍ ആരംഭിക്കും. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കാളിയമ്മ പഠിതാക്കള്‍ക്കുള്ള പാഠപുസ്തകം വിതരണം ചെയ്തു.
അഗളി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീലക്ഷ്മി ശ്രീകുമാര്‍, ഷോളയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് രത്തിനാ രാമമൂര്‍ത്തി, പുതൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജ്യോതി അനില്‍കുമാര്‍, ജില്ല സാക്ഷരതാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ദീപജെയിംസ്, കുടുംബശ്രീ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. സൈതലവി, ഐ.ടി.ഡി.പി.അട്ടപ്പാടി പ്രോജക്ട് ഓഫീസര്‍ വാണിദാസ്, സാക്ഷരതാ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ എം .മുഹമ്മദ് ബഷീര്‍ , ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാര്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.