പാലക്കാട്: കുടിവെള്ള വിതരണക്കാര്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ  2013 ജനുവരിയിലെ ഉത്തരവു പ്രകാരമുള്ള നിബന്ധനകള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.
1.ടാങ്കര്‍ ലോറികളിലും മറ്റു വാഹനങ്ങളിലും ഘടിപ്പിച്ചിട്ടുള്ള ടാങ്കിലും കുടിവെള്ളം വിതരണം ചെയ്യുന്നവര്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് (ലൈസന്‍സിംഗ് ആന്‍ഡ് രജിസ്‌ട്രേഷന്‍) റെഗുലേഷന്‍ 2011 പ്രകാരം *എഫ് ബി ഒ*(ഫുഡ് ബിസിനസ് ഓപ്പറേറ്റർ) ലൈസന്‍സുകള്‍ എടുത്തിരിക്കണം. ഇത്തരം ലൈസന്‍സുള്ള ടാങ്കര്‍ ലോറികളിലോ ടാങ്കുകളിലോ മാത്രമേ കുടിവെള്ള വിതരണവും വില്‍പ്പനയും നടത്താന്‍ പാടുള്ളൂ.
2. കുടിവെള്ള വിതരണത്തിനായി ഒന്നില്‍ കൂടുതല്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പറുകള്‍ ലൈസന്‍സ് കൃത്യമായി രേഖപ്പെടുത്തി പ്രത്യേക ലൈസന്‍സുകള്‍ എടുത്തിരിക്കണം. വാടക വാഹനങ്ങള്‍ക്കും ലൈസന്‍സ് എടുക്കണം.
3. ടാങ്കര്‍ ലോറി/ടാങ്കില്‍ ഡ്രിങ്കിങ് വാട്ടര്‍ അല്ലെങ്കില്‍ കുടിവെള്ളം എന്ന് വ്യക്തമായി എഴുതിയിരിക്കണം.മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വെള്ളമാണെങ്കില്‍ നോട്ട് ഫോര്‍ ഡ്രിങ്കിങ് പര്‍പ്പസ് അല്ലെങ്കില്‍ നിര്‍മ്മാണത്തിനും മറ്റു ആവശ്യങ്ങള്‍ക്കുമുള്ള വെള്ളം എന്ന് വ്യക്തമായി എഴുതണം. ഇങ്ങനെ എഴുതാതെ കൊണ്ടുപോകുന്നവ കുടിവെള്ളമായി പരിഗണിച്ച് നിയമനടപടികള്‍ സ്വീകരിക്കും.
4. ടാങ്കര്‍ലോറി/ടാങ്കില്‍ എഫ് ബി ഒ ലൈസന്‍സ് നമ്പര്‍ വ്യക്തമായി രേഖപ്പെടുത്തണം.
5. കുടിവെള്ളം ശേഖരിക്കുന്ന ടാങ്കുകളുടെ ഉള്‍വശം ബിറ്റുമിനാസ്റ്റിക് കോട്ടിംഗോ അനുവദനീയ കോട്ടിംഗോ ഉള്ളവയായിരിക്കണം. കോട്ടിംഗ് നടത്താതെ കുടിവെള്ളം വിതരണം ചെയ്യുന്നത് ശിക്ഷാര്‍ഹമാണ്.
6.വാട്ടര്‍ അതോറിറ്റി ഒഴികെയുള്ള കുടിവെള്ള സ്രോതസ്സുകള്‍ക്ക് എഫ് ബി ഒ ലൈസന്‍സ് ഉണ്ടായിരിക്കണം. ലൈസന്‍സുള്ള കുടിവെള്ള സ്രോതസ്സില്‍  നിന്നുമാത്രമേ വെള്ളം ശേഖരിക്കാന്‍ പാടുള്ളൂ. കുടിവെള്ള സ്രോതസ്സിലെ ജലം ആറുമാസത്തിലൊരിക്കല്‍ സര്‍ക്കാര്‍ ലാബുകളിലോ എന്‍ എ ബി എല്‍ ലാബുകളിലോ പരിശോധിച്ച് ശുദ്ധമാണെന്ന് ഉറപ്പുവരുത്തുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സൂക്ഷിച്ചിരിക്കണം.
7. ടാങ്കര്‍ ലോറി/ടാങ്കുകളില്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ലൈസന്‍സ്, കുടിവെള്ളം പരിശോധിച്ച് ലാബ് റിപ്പോര്‍ട്ട്, ടാങ്കര്‍ ശേഷി, കോട്ടിങ്  എന്നിവയുടെ രേഖകള്‍ ഉണ്ടായിരിക്കണം.അല്ലാത്തപക്ഷം വാഹനം പിടിച്ചെടുത്ത് നിയമ നടപടികള്‍ സ്വീകരിക്കും.
ടാങ്കര്‍ കുടിവെള്ള ഉപഭോക്താക്കള്‍ ഭക്ഷ്യസുരക്ഷാ ലൈസന്‍സുള്ള വിതരണക്കാരില്‍ നിന്നുമാത്രമേ കുടിവെള്ളം വാങ്ങാന്‍ പാടുള്ളൂ. ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ഫ്‌ളാറ്റുകള്‍, ആശുപത്രികള്‍, വീടുകള്‍, കുടിവെള്ളം ആവശ്യമുള്ള മറ്റ് സംരംഭകര്‍ എന്നിവര്‍ കുടിവെള്ളം വിതരണം ചെയ്യുന്നവരുടെ വിവരങ്ങളടങ്ങിയ രജിസ്റ്റര്‍ സൂക്ഷിക്കണം. രജിസ്റ്ററില്‍ കുടിവെള്ള സ്രോതസ്സ്, പരിശോധനാ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്, വാങ്ങുന്ന വെള്ളത്തിന്റെ കൃത്യമായ അളവ് (ലിറ്ററില്‍), വിതരണക്കാരന്റെ ലൈസന്‍സ് വിവരങ്ങള്‍, വിതരണത്തെ സംബന്ധിച്ച കരാര്‍ പകര്‍പ്പ് എന്നിവ ഉണ്ടായിരിക്കണം. ഇത്തരം രജിസ്റ്ററുകള്‍ സൂക്ഷിക്കാത്തപക്ഷം നിയമ നടപടികള്‍ സ്വീകരിക്കും.

(അവസാനിച്ചു)

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!