പാലക്കാട്:പ്രളയ ദുരിതബാധിതര്‍ക്കുള്ള സഹകരണ വകുപ്പിന്റെ സേവന പദ്ധതിയായ കെയര്‍ ഗ്രേസിന് ജില്ലയില്‍ തുടക്കമായി. സഹകരണ വകുപ്പ് നടപ്പിലാക്കിയ കെയര്‍ ഹോം പദ്ധതി പ്രകാരം നിര്‍മിച്ച് നല്‍കിയ 206 വീടുകളിലെ ദുരിതബാധിതരായ ജനങ്ങളുടെ ആരോഗ്യ സംരക്ഷണം, പൊതു സേവനം, കുട്ടികള്‍ക്ക് പഠനോപ കരണങ്ങള്‍ ലഭ്യമാക്കുക, പ്രളയം മാനസികമായി തളര്‍ത്തി യവര്‍ക്ക് കൗണ്‍സലിംഗ് നല്‍കുക തുടങ്ങിയവയാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.കെയര്‍ ഹോം, കെയര്‍ ലോണ്‍ പദ്ധതികള്‍, സഹകരണ സംഘങ്ങള്‍ നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധിച്ച് കെയര്‍ ഗ്രേസ് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി സോഷ്യല്‍ ഓഡിറ്റ് തയ്യാറാക്കും. ഇതിനായി സംസ്ഥാന തലത്തില്‍ പരിശീലനം നേടിയ ഫിഷറീസ് വകുപ്പിന് കീഴിലുള്ള വനിത സംരംഭമായ ‘സാഫ്’ (സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വുമണ്‍) വോളന്റിയര്‍മാരുടെ സേവനം ലഭ്യമാക്കും. സഹകരണ ആശുപത്രികളുടെ സഹകരണത്തോടെ താലൂക്ക് തലത്തില്‍ കെയര്‍ ഹോമിലെ താമസക്കാര്‍ക്കായി മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുക്കുന്ന വര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നല്‍കും. ആവശ്യമായ മെഡിക്കല്‍ വിവ രങ്ങള്‍ ഈ കാര്‍ഡില്‍ ഉണ്ടാവും. കെയര്‍ ഗ്രേസ് പദ്ധതി പ്രകാരം കെയര്‍ ഹോം പദ്ധതിയിലെ വീടുകള്‍ക്കെല്ലാം ഫസ്റ്റ് എയ്ഡ് കിറ്റു കളും സംസ്ഥാന തലത്തില്‍ തയ്യാറാക്കുന്ന ഡിസാസ്റ്റര്‍ പ്രീപ്പെ യേര്‍ഡ് ഗൈഡുകളും നല്‍കും. ഡിസംബര്‍ 15 നകം കെയര്‍ ഗ്രേസ് പദ്ധതി ജില്ലയില്‍ പൂര്‍ത്തീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ജില്ലാ സഹകരണ ബാങ്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കെയര്‍ ഗ്രേസ് ജില്ലാതല യോഗം സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) അനിത.ടി.ബാലന്‍ ഉദ്ഘാടനം ചെയ്തു. സഹകരണ ഓഡിറ്റ് ജോയിന്റ് ഡയറക്ടര്‍ കെ.ഉദയഭാനു, ജില്ലാ സഹകരണ ബാങ്ക് ജനറല്‍ മാനേജര്‍ ജില്‍സ് മോന്‍ ജോസ്, പി.ഹരിപ്രസാദ്, പി.ഷണ്‍മുഖന്‍, എസ്.ജോസി, ആശാ കിരണ്‍, രാജു ആനന്ദ് തുടങ്ങിയവര്‍ പങ്കെടുത്തു.