ചിറ്റൂര്‍:മുന്‍ വര്‍ഷങ്ങളിലെ ജില്ലാ മേളകളില്‍ പ്രൈമറി വിഭാഗ ത്തില്‍ കൈവരിച്ച വിജയം ആവര്‍ത്തിച്ച് കോട്ടോപ്പാടം കെ.എ.എച്ച് ഹയര്‍ സെക്കന്ററി സ്‌കൂളിലെ മുഹമ്മദ് ഷെസിന്‍.ചിറ്റൂര്‍ വിജയ മാതാ കോണ്‍വെന്റ് എച്ച്.എസ്.എസ്സില്‍ നടന്ന റവന്യൂ ജില്ലാ ശാസ് ത്രോത്സവം പ്രവൃത്തി പരിചയമേളയിലെ ഹൈസ്‌കൂള്‍ വിഭാഗം വോളിബോള്‍/ബാഡ്മിന്റണ്‍ നെറ്റ് നിര്‍മ്മാണ മത്സരത്തിലും എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയാണ് കെ.മുഹമ്മദ് ഷെസിന്‍ കരവിരുതിലുള്ള മികവു നിലനിര്‍ത്തിയത്.പന്ത്രണ്ട് ഉപജില്ലകളില്‍ നിന്നായി 22 പേര്‍ പങ്കെടുത്ത മത്സരത്തില്‍ 3 മണിക്കൂറിനകം തന്നെ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ ഷെസിന്‍ 10 മീറ്റര്‍ നീളത്തിലും 1മീറ്റര്‍ വീതിയിയുമുള്ള സ്റ്റാന്‍ഡേര്‍ഡ് വലുപ്പത്തില്‍ വോളിബോള്‍ നെറ്റ് നിര്‍മ്മാണം പൂര്‍ത്തിയാക്കി വിധികര്‍ത്താക്കളുടെയും കാണികളുടെയും പ്രശംസക്ക് പാത്രമായി.കോട്ടോപ്പാടം കെ.എ. എച്ച്. എച്ച്.എസ്.എസിലെ ജൂനിയര്‍ ഹിന്ദി അധ്യാപകന്‍ കോലോ തൊടി മൊയ്തുട്ടിയുടെയും ശബ്‌നയുടെയും മകനായ മുഹമ്മദ് ഷെസിന്‍ നവംബര്‍ 2 മുതല്‍ 4 വരെ കുന്നംകുളത്ത് നടക്കുന്ന സംസ്ഥാന ശാസ്‌ത്രോത്സവത്തിലും വിജയം ആവര്‍ത്തിക്കാന്‍ കഴിയുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ്.