ചിറ്റൂര്‍:വളര്‍ന്നു വരുന്ന വിദ്യാര്‍ത്ഥി സമൂഹം ഏത് ചോദ്യത്തിനും ഉത്തരം കണ്ടെത്താന്‍ ആര്‍ജ്ജവമുളളവരാവണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. ചിറ്റൂര്‍ ജി.വി.ജി.എച്ച്. എസ്.എസില്‍ രണ്ടു ദിവസങ്ങളിലായി നടക്കുന്ന റവന്യൂ ജില്ലാ ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ചോദ്യങ്ങള്‍ ചോദിച്ച് വളര്‍ന്നു വരുന്ന തലമുറ വിദ്യാഭ്യാസ ത്തിന് പുറമെ രാജ്യത്തിനു തന്നെ പ്രയോജനമാണെന്ന് മന്ത്രി പറഞ്ഞു. നമ്മുടെ നാട്ടില്‍ വളര്‍ന്നു വരുന്ന പ്രതിഭകളെ കണ്ടെത്തി പ്രോല്‍സാഹനം നല്‍കാന്‍ പൊതു സമൂഹവും രക്ഷിതാക്കളും അധ്യാപകരും തയ്യാറാകണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. അന്വഷണ തൃഷ്ണ കുട്ടികളില്‍ ഉണ്ടായാലേ ശാസ്ത്ര ലോകത്തിനും പുരോഗതി കൈവരിക്കാന്‍ സാധിക്കുകയുള്ളൂ. സാങ്കേതിക മേഖലയില്‍ കഴിവ് തെളിയിക്കുന്ന സംസ്ഥാനത്തെ വിദ്യാര്‍ത്ഥി കളെ പ്രോത്സാഹിപ്പിച്ചാല്‍ വിദ്യാഭ്യാസ-തൊഴില്‍ മേഖലകളില്‍ പുരോഗതി കൈവരിക്കാന്‍ സാധിക്കും. വിജയമാത ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ഗവ.വിക്ടോറിയ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ നടക്കുന്ന ശാസ്ത്രോത്സവത്തില്‍ 13 സബ് ജില്ലകളില്‍ നിന്നായി 3200 ഓളം വിദ്യാര്‍ത്ഥികളില്‍ പ്രവൃത്തി പരിചയമേളയില്‍ 1304 ഉം ഐ.ടി മേളയില്‍ 384 ഉം ശാസ്ത്രമേളയില്‍ 570 ഉം ഗണിത ശാസ്ത്രമേളയില്‍ 600 ഉം വിദ്യാര്‍ത്ഥികളാണ് മാറ്റുരയ്ക്കുന്നത്. ഒക്ടോബര്‍ 26ന് ശാസ്ത്ര- ഗണിത ശാസ്ത്രമേള നടക്കും. ചിറ്റൂര്‍ തത്തമംഗലം നഗരസഭ ചെയര്‍മാന്‍ കെ മധു അധ്യക്ഷനായ പരിപാടിയില്‍ രമ്യ ഹരിദാസ് എം.പി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്തംഗം അഡ്വ. വി മുരുകദാസ്, ചിറ്റൂര്‍ – തത്തമംഗലം വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എസ്.എസ് സുബ്രതാം, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. സി പ്രീത്, വാര്‍ഡ് കൗണ്‍സിലര്‍ എം ശിവകുമാര്‍, വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ പി കൃഷ്ണന്‍, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി അസിസ്റ്റന്റ് ഡയറക്ടര്‍ എം ഉബൈദുള്ള, സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് ഇ.എന്‍ സുരേഷ്ബാബു, എന്നിവര്‍ സംസാരിച്ചു.