പാലക്കാട്: ഗവ.മെഡിക്കൽ കോളേജിൽ കോവിഡ് 19 പരിശോധന നടത്തുന്നതിനായി സജ്ജമാക്കിയ ആർ.ടി.പി.സി.ആർ ലാബിന് ഐ. സി.എം.ആറിന്റെ അംഗീകാരം ലഭിച്ചതായി മെഡിക്കൽ കോളേജ് ഡയറക്ടർ ഡോ.എം.എസ് പത്മനാഭൻ അറിയിച്ചു. ഒരു ടെസ്റ്റ് റൺ കൂടി നടത്തി ജൂൺ 25 മുതൽ പരിശോധന തുടങ്ങാനാ കും. ഐ.സി.എം.ആർ നിർദ്ദേശിച്ചത് പ്രകാരം സജ്ജമാക്കിയ ലാബിന്റെയും മെഷീനുകളുടെയും ആദ്യ ടെസ്റ്റ് റണ്ണിന്റെയും വിവരങ്ങൾ സമർപ്പിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് അംഗീകാരം ലഭിച്ചത്.മൈക്രോബയോളജി വകുപ്പിനു കീഴിലാണ് ലാബിന്റെ പ്രവർത്തനം. രോഗ സാധ്യതയുള്ളവരുടെ മൂക്കിൽ നിന്നും തൊണ്ടയിൽ നിന്നും സ്രവം എടുത്താണ് പരിശോധന നടത്തുക. ടെസ്റ്റ് മുഖേന നാല്-അഞ്ച് മണിക്കൂറിനുള്ളിൽ ഫലം അറിയാനും വിവരം സംസ്ഥാന കൺട്രോൾ റൂമിലേക്ക് നൽകാനും അവിടെ നിന്ന് ജില്ലാ കൺട്രോൾ റൂമിലേക്ക് ലഭിക്കുകയും ചെയ്യും. ലാബിൽ പരിശോധന ആരംഭിക്കുന്നതോടെ ജില്ലയിൽ കോവിഡ് ഫലം നിലവിലുള്ളതിനേക്കാൾ വേഗത്തിൽ ലഭിക്കും. പട്ടികജാതി വികസന വകുപ്പിൽ നിന്ന് 30 ലക്ഷം രൂപ അനുവദിച്ചാണ് ലാബ് സജ്ജമാക്കിയിരിക്കുന്നത്. നിലവിൽ ഗവ. മെഡിക്കൽ കോളേജിൽ കോവിഡ് ഒ.പിയും സാമ്പിൾ ശേഖരിക്കുന്നതിനുള്ള സംവിധാനവും പ്രവർത്തിക്കുന്നുണ്ട്.