മണ്ണാര്‍ക്കാട്: പെരിമ്പടാരി പോര്‍ക്കൊരിക്കല്‍ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം വര്‍ണാഭമായി.ആനയും മേളവും നാടന്‍കലാരൂപങ്ങളും അണിനിരന്ന വേലക്കാഴ്ച കണ്ണിന് വിരുന്നായി.ഇന്ന് ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍ക്ക് ശേഷം പുലര്‍ച്ചെ 5.30ന് താലപ്പൊലി കൊട്ടിയറിയിച്ചതോടെ തട്ടകം പൂരത്തിന്റെ ആവേശ ത്തിലേക്കുണര്‍ന്നു.ദാരികവധം പാട്ടും നടന്നു.
പോത്തോഴിക്കാവ് ആഘോഷ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കൂത്തുമാടം ഗ്രൗണ്ടില്‍ നടന്ന കഞ്ഞിപ്പാര്‍ച്ചയില്‍ നിരവധി ഭക്തര്‍ പങ്കെടുത്തു.ഉച്ചയോടെ ദേശങ്ങളില്‍ വേല പ്പുറപ്പാടായി.തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍, മംഗലാംകുന്ന് അയ്യപ്പന്‍, പുതുപ്പള്ളി കേശ വന്‍, അക്കരമ്മല്‍ മോഹനന്‍, ഗുരുവായൂര്‍ രാജശേഖരന്‍, ഊക്കന്‍സ് കുഞ്ചു, ഉഷശ്രീ ശങ്കരന്‍കുട്ടി, തിരുവമ്പാടി ചന്ദ്രശേഖരന്‍, ഗുരുവായൂര്‍ നന്ദന്‍, മച്ചാട് ജയറാം, അമ്പാടി ബാലനാരായണന്‍ തുടങ്ങിയ ഗജവീരന്‍മാര്‍ വിവിധ ദേശങ്ങളുടെ തിടമ്പേറ്റി.
പെരിമ്പടാരി,പോത്തോഴി,പറമ്പുള്ളി,ചങ്ങലീരി നെല്ലിപ്പടി,വേണ്ടാംകുറുശ്ശി, കൂനി വര മ്പ്,കുമരംപുത്തൂര്‍ വടക്കന്‍,കുമരംപുത്തൂര്‍ യുവജനസംഘം,ചങ്ങലീരി വിഷ്ണുക്ഷേത്രം, ടിറോഡ്, കാഞ്ഞിരംപാടം,കിഴക്കുംപുറം, വള്ളുവമ്പുഴ ദേശങ്ങളില്‍ നിന്നും നാട്ടുവഴി കള്‍ താണ്ടി വൈകീട്ടോടെ ക്ഷേത്രത്തിലേക്കെത്തിയ വേലകള്‍ കൂത്തുമാടം ഗ്രൗണ്ടില്‍ സംഗമിച്ച കാഴ്ച പൂരപ്രേമികളുടെ മനം നിറച്ചു.കിഴക്കുംപുറം,വള്ളുവമ്പുഴ ദേശങ്ങളില്‍ നിന്നും കാളവേലകളാണ് എത്തിയത്. പാണ്ടിമേളം, ശിങ്കാരിമേളം, തെയ്യം, കുംഭാട്ടം, ബാന്റ് സെറ്റ്, പൂതന്‍ തിറ, നാടന്‍ കലാരൂപങ്ങള്‍ എന്നിവ ദേശവേലകള്‍ക്ക് മിഴിവേകി. കൂട്ടമേളവും ഗജവീരന്‍മാരുടെ കാവ് കയറ്റവും പുരുഷാരത്തിന് ആവേശം പകര്‍ന്നു. തുടര്‍ന്ന് താലപ്പൊലി എഴുന്നെള്ളത്തുമുണ്ടായി.അരിയേറ്,കളംപൂജ,കളംപാട്ട് എന്നീ ചടങ്ങുകളും നടന്നു.