പാലക്കാട്:കുടുംബശ്രീ സംസ്ഥാന കലോത്സവം നവംബര്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ നടക്കുന്നതിന്റെ ഭാഗമായി വ്യത്യസ്ത പേരുകളില്‍ ആറ് അരങ്ങുകള്‍ ഒരുങ്ങുന്നു. ഗവ. വിക്ടോറിയ കോളെജ്, ഗവ: മോയന്‍സ് എല്‍.പി സ്‌കൂള്‍, ഫൈന്‍ ആര്‍ട്സ് സൊസൈറ്റി എന്നിവിടങ്ങളിലാണ് കലാമാമാങ്കം അരങ്ങേറുന്നത്. കുടുംബശ്രീ പ്രതിനിധാനംചെയ്യുന്ന 50 ലക്ഷം സ്ത്രീകളുടെ വളര്‍ച്ചയും ഉയര്‍ച്ചയും മുന്നേറ്റവും പ്രതിഫലിക്കുന്ന സാംസ്‌ക്കാരിക മേളയാണ് അരങ്ങിലൂടെ ലക്ഷ്യമിടുന്നത്. ആദ്യമായാണ് കുടുംബശ്രീ സംസ്ഥാന കലോത്സവത്തിന് പാലക്കാട് ആതിഥേയത്വം വഹിക്കുന്നത്. 14 ജില്ലകളില്‍ നിന്നുള്ള രണ്ടായിരത്തിലധികം കലാകാരികള്‍ 25 ഇനങ്ങളിലായി മത്സരിക്കും. മലയാള നോവല്‍ സാഹിത്യത്തില്‍ പുകള്‍പെറ്റ ആറ് സ്ത്രീ കഥാപാത്രങ്ങളുടെ പേരിലാണ് വേദികള്‍ തയ്യാറാക്കുന്നത്. പ്രധാന വേദിയുടെ നിര്‍മാണ പ്രവൃത്തികളാരംഭിച്ചു. കറുത്തമ്മയെന്ന പേരില്‍ ഗവ : വിക്ടോറിയ കോളേജ് മുറ്റത്ത് തയ്യാറാക്കുന്ന വേദിയുടെ കാല്‍നാട്ടല്‍ ചടങ്ങ് പാലക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍ നിര്‍വഹിച്ചു. നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.പി.രഘുനാഥ്, ഗവ: വിക്ടോറിയ കോളേജ് പ്രിന്‍സിപ്പാള്‍ ഒ.കെ.രമേശ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.സൈതലവി, എ.ഡി.എം.സി മാരായ എം.ദിനേശ്, ഹാരിഫാ ബീഗം തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
25 ഇനങ്ങളില്‍ 2000ലധികം കലാകാരികള്‍ മത്സരിക്കും
അരങ്ങ് 1- കറുത്തമ്മ
(ഗവ: വിക്ടോറിയ കോളേജ്, പാലക്കാട്)
മലയാള നോവല്‍ സാഹിത്യത്തിന് കടലോളം പ്രണയം പകര്‍ന്ന കൃതിയാണ് തകഴി ശിവശങ്കരപ്പിള്ളയുടെ തൂലികയില്‍ പിറന്ന ‘ചെമ്മീന്‍’. അരികുവത്ക്കരിക്കപ്പെട്ട മനുഷ്യരുടെ ജീവിതത്തെ അടയാളപ്പെടുത്തിയ ചെമ്മീനിലെ നായിക കറുത്തമ്മ ഒന്നാമത്തെ അരങ്ങാവുന്നു.
അരങ്ങ് 2- ഇന്ദുലേഖ
(ഗവ: മോയന്‍സ് എല്‍.പി സ്‌കൂള്‍, പാലക്കാട്)
മലയാളത്തിലെ ലക്ഷണമൊത്ത ആദ്യനോവല്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന കൃതിയാണ്. ഒ. ചന്തുമേനോന്റെ ഇന്ദുലേഖ. വിദ്യാഭ്യാസത്തിലൂടെ അറിവും ആത്മവിശ്വാസവും താര്‍ക്കിക യുക്തിയും ആര്‍ജിച്ച ‘ഇന്ദുലേഖ’യുടെ പേരിലാണ് രണ്ടാമത്തെ വേദി ഒരുക്കുന്നത്.
അരങ്ങ് 3 – സുഹറ
(ഫൈന്‍ ആര്‍ട്സ് സൊസൈറ്റി, പാലക്കാട്)
ഉന്നത ഭാവനയും വിസ്തൃതമായ ലോകാനുഭവവും സൂക്ഷമമായ ഹൃദയവിജ്ഞാനവും സഞ്ചയിച്ച വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ബാല്യകാലസഖി’യിലെ സുഹറ. ഉയരത്തില്‍ നിന്നും നോക്കുമ്പോള്‍ കാഴ്ചകളും വലുതാവുന്നുയെന്ന് മജീദിന്റെയും സുഹറയുടെയും നോട്ടങ്ങളില്‍ നാം കാണുന്നു. സ്ത്രീയുടെ പര്യായശബ്ദമായ ‘സുഹറ’യുടെ പേരിലാണ് മൂന്നാം അരങ്ങ്.
അരങ്ങ് 4- നാണിമിസ്ട്രസ്
(ഗവ: വിക്ടോറിയ കോളേജ് ഓഡിറ്റോറിയം).
അറിവ് നേടുക, അറിവ് പകരുക എന്നത് ഒരു പോരാട്ടം കൂടിയാണെന്ന് പറയുന്ന കഥാപാത്രമാണ് ചെറുകാടിന്റെ ‘മുത്തശ്ശി’യിലെ നാണിമിസ്ട്രസ്. ജീവിതത്തില്‍ കൂടുതല്‍ ചരിത്രബോധവും സാമൂഹിക ഉത്തരവാദിത്തവും പകര്‍ത്താന്‍ പ്രേരിപ്പിക്കുന്ന ‘നാണിമിസ്ട്രസ്’ നാലാം വേദിയാവുന്നു.
അരങ്ങ് 5- സുമിത്ര
(ഗവ: വിക്ടോറിയ കോളേജ് ഓഡിറ്റോറിയം)
എനിക്കു നിന്നെ ഇഷ്ടമായിരുന്നു എന്നതിന് ഒടുവില്‍ തിരിച്ചുപറയാന്‍ സുമിത്രയ്ക്ക് ഒന്നേയുണ്ടായിരുന്നുള്ളൂ – സേതൂന് എന്നും ഒരാളോടേ ഇഷ്ടമുള്ളൂ, സേതൂനോടുമാത്രം. എം.ടിയുടെ ‘കാലം’ 50 വയസ്സിലെത്തിയ വേളയില്‍ സുമിത്രയുടെ പേരില്‍ അഞ്ചാം അരങ്ങ്.
അരങ്ങ് 6- ചെമ്മരത്തി
(ഗവ: വിക്ടോറിയ കോളേജ് മൈതാനം.)
ദൈവസങ്കല്‍പം അനന്യമായ സൗന്ദര്യാനുഭവത്തില്‍ മഹത്താക്കി മാറ്റുന്ന എന്‍. പ്രഭാകരന്റെ ‘ഏഴിനും മീതേ’യിലെ ചെമ്മരത്തി. കുടകില്‍നിന്നും കതിരനൂരിലേക്കു നടക്കുന്ന വഴികളില്‍ നിന്നും ചെമ്മരത്തി അവസാന അരങ്ങിന് വേദിയാവുന്നു.