മലമ്പുഴ:അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതികള്‍ക്കിടയിലും മൂവായിരത്തിലധികം വിദ്യാര്‍ഥികള്‍ക്ക് ആശ്രയമായി തീര്‍ന്ന അകത്തേത്തറ ശബരി ആശ്രമം നവീകരണത്തിന് ഒരുങ്ങുന്നു. സാംസ്‌കാരിക വകുപ്പ് അനുവദിച്ച രണ്ടര കോടി ചെലവഴിച്ചാണ് കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് താമസിച്ചു പഠിക്കാനാകുന്ന രീതിയില്‍ ശബരി ആശ്രമത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. 1923 ല്‍ സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന ടി.ആര്‍ കൃഷ്ണസ്വാമി അയ്യരാണ് ആശ്രമം സ്ഥാപിച്ചത്. സരോജിനി നായിഡുവിന്റെ നേതൃത്വത്തില്‍ പാലക്കാട് നടന്ന പന്തിഭോജനത്തില്‍ പങ്കെടുത്ത തിനെ തുടര്‍ന്ന് കല്‍പ്പാത്തിയിലെ അഗ്രഹാരത്തില്‍ നിന്ന് പുറ ത്താക്കപ്പെട്ട ടി.ആര്‍ കൃഷ്ണസ്വാമി അയ്യരും ഭാര്യ ഈശ്വരി അമ്മാളും സമൂഹത്തില്‍ പാര്‍ശ്വവത്ക്കപ്പെട്ടവരെ കൂടെ നിര്‍ത്തുന്നതില്‍ കൂടുതല്‍ ശ്രദ്ധിച്ചു. തുടര്‍ന്നാണ് ശബരി ആശ്രമം സ്ഥാപിച്ചതും സമീപ പരിസരങ്ങളിലെ ഹരിജന്‍ ബാലികാബാലന്മാരെ വിളിച്ച് കൂടെ താമസിപ്പിച്ചതും. നിത്യേന അവരെ കല്‍പാത്തിപ്പുഴയില്‍ കുളിപ്പിച്ചു; വസ്ത്രങ്ങള്‍ നല്‍കി; കൂടെയിരുത്തി ഭക്ഷണം കഴിപ്പി ച്ചു; വിദ്യാഭ്യാസവും നല്‍കി. മുമ്പ് അധ്യാപികയായിരുന്ന ഈശ്വരിയമ്മാള്‍ ആശ്രമത്തിലെ ഗുരുവായി. പെറ്റമ്മയെപ്പോലെ ഹരിജന്‍ കുട്ടികളെ ലാളിച്ചുവളര്‍ത്തി.സബര്‍മതി ആശ്രമത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു ശബരി ആശ്രമം. 1935 ല്‍ കൃഷ്ണസ്വാമി അയ്യരുടെ മരണശേഷവും സാമൂഹികവും സാമ്പത്തികവുമായ കാരണങ്ങളാല്‍ വിദ്യാഭ്യാസം വഴിമുട്ടുന്ന അവസ്ഥയില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് ഇവിടം ആശ്രയമായി. വിവിധ കാലഘട്ടങ്ങളിലായി ശബരി ആശ്രമത്തിലെ വിദ്യാര്‍ ഥികളായിരുന്നവരില്‍ പലരും ഇന്ന് രാജ്യത്തിനകത്തും പുറത്തും ഉന്നത ജോലികള്‍ വഹിക്കുന്നവരാണ്. ചിട്ടയോടും സത്യസന്ധ വുമായ ജീവിതരീതിയും ഗാന്ധിയന്‍ മൂല്യങ്ങള്‍ പിന്തുടര്‍ന്നുള്ള ദിനചര്യയും ഓരോ വിദ്യാര്‍ഥിയെയും വേറിട്ട മനുഷ്യനായി തീര്‍ക്കുന്നതിനാലാണ് ആധുനിക സൗകര്യങ്ങള്‍ ഇല്ലാതിരിന്നിട്ടും ഗാന്ധി ആശ്രമം തേടി രക്ഷിതാക്കളും വിദ്യാര്‍ഥികളും ഇന്നും എത്തുന്നത്.ഹരിജന്‍ സേവാ സംഘത്തിന്റെ ഉടമസ്ഥതയിലും നേതൃത്വത്തിലുമാണ് ആശ്രമം നടത്തുന്നത്. നിലവില്‍ 13 കുട്ടി കളാണ് ഇവിടെയുള്ളത്. നിരവധി പേര്‍ അപേക്ഷയുമായി എത്തുന്നുണ്ടെങ്കിലും പരിമിതികള്‍ മൂലം കുട്ടികളെ പഠിപ്പിക്കാ നാവാത്ത അവസ്ഥയാണുള്ളതെന്ന് ആശ്രമം സെക്രട്ടറി ടി.ദേവന്‍ പറഞ്ഞു. ഡോ. എന്‍. ഗോപാലകൃഷ്ണന്‍ നായര്‍, രാധാകൃഷ്ണന്‍ നായര്‍, ആര്‍.പി രവീന്ദ്രന്‍, സി.കെ സുദര്‍ശന്‍, ഈശ്വര കൈമള്‍, സുബ്രഹ്മ ണ്യന്‍ തുടങ്ങിയവരും പൂര്‍വ്വ വിദ്യാര്‍ഥികളുമാണ് നിലവിലുള്ള വര്‍ക്ക് ട്യൂഷനെടുത്തും മറ്റു സഹായങ്ങള്‍ നല്‍കിയും ശബരി ആശ്രമത്തിനൊപ്പം നില്‍ക്കുന്നത്. മാസംതോറും ഒരു വിദ്യാര്‍ഥിക്ക് 1000 രൂപ സര്‍ക്കാര്‍ ഗ്രാന്റ് നല്‍കുന്നുണ്ട്. ഗാന്ധിയന്‍ ദര്‍ശനവും സന്ദേശവും രക്തസാക്ഷിത്വവും പുതുതലമുറയ്ക്ക് പകരാനുള്ള കാലഘട്ടത്തിന്റെ അനിവാര്യത ഓര്‍മപ്പെടുത്തുന്നതിന്റെ ഭാഗമായി ഒക്ടോബര്‍ 21 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ രക്തസാക്ഷ്യം സ്മൃതി മന്ദിരത്തിന്റെ ശിലാസ്ഥാപനം ശബരി ആശ്രമത്തില്‍ നിര്‍വഹിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!