പാലക്കാട്:ചരിത്രത്തിലെ ആദ്യ ഡിജിറ്റല്‍ സെന്‍സസായ ഭാരത സെന്‍സസ് 2021 ന്റെ പ്രാരംഭ നടപടികള്‍ ആരംഭിച്ചു. വിവരശേഖരണ ത്തിനാ യി 30 ലക്ഷത്തോളം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വിവരശേഖരണ ത്തിനായി താമസ സ്ഥലങ്ങളില്‍ എത്തും. സെന്‍സസ് ചരിത്രത്തി ലാദ്യമായി വിവരശേഖരണത്തിന് ഉദ്യോഗസ്ഥര്‍ മൊബൈല്‍ ആപ്പ് ഉപയോഗിക്കും. കൂടാതെ വെബ് പോര്‍ട്ടലിലൂടെ പ്രവര്‍ത്തനങ്ങളുടെ തത്സമയ പുരോഗതി നിരീക്ഷിക്കും. പൊതുജനങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ തികച്ചും രഹസ്യമായിരിക്കുമെന്നതിനാല്‍ വീട് സന്ദര്‍ശിക്കുന്ന എന്യൂമറേറ്റര്‍മാര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും ശരിയായ വിവരങ്ങള്‍ നല്‍കി സെന്‍സസിനോട് പൂര്‍ണമായും സഹകരിക്കുന്നത് ഭാരത സെന്‍സസ് 2021 ന്റെ വിജയത്തിന് അനിവാര്യമാണെന്ന് പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.

സെന്‍സസിന്റെ ഒന്നാം ഘട്ടത്തില്‍ വീട്ടു പട്ടിക തയ്യാറാക്കലും വീടുകളുടെ സെന്‍സസുമാണ് നടക്കുക. മെയ് ഒന്നു മുതല്‍ 30 വരെയാണ് ഒന്നാം ഘട്ടം. ഏകദേശം 77,000 സര്‍ക്കാര്‍ ഉദ്യോഗസ്ഥ രെയാണ് കേരളത്തില്‍ കണക്കെടുപ്പിനായി നിയോഗിക്കുന്നത്.  രണ്ടാം ഘട്ടത്തില്‍ ജനസംഖ്യ കണക്കെടുപ്പ് നടക്കും. 2021 ഫെബ്രുവരി ഒമ്പത് മുതല്‍ 28 വരെയാണ് രണ്ടാം ഘട്ടം. ഒന്നാം ഘട്ടത്തില്‍ വീടുകളുടെ പട്ടിക തയ്യാറാക്കുന്നതിനോടൊപ്പം ആവാസസ്ഥിതി, പ്രാഥമിക സൗകര്യങ്ങളുടെ ലഭ്യത, പാര്‍പ്പിട ദൗര്‍ലഭ്യം എന്നിവ വിലയിരുത്താന്‍ കുടുംബത്തിന് ലഭ്യമായ സൗകര്യങ്ങള്‍, കൈവശമുള്ള സാമഗ്രികള്‍ എന്നിവ സംബന്ധിച്ച 31 ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തുന്നത്.

സെന്‍സസ് 2020 ഒന്നാംഘട്ടത്തിലെ 31 ചോദ്യങ്ങള്‍ ഇവയൊക്കെയാണ്:

1. കെട്ടിട നമ്പര്‍
2. സെന്‍സസ് വീടിന്റെ നമ്പര്‍
3. സെന്‍സസ് വീടിന്റെ നിലം, ഭിത്തി, മേല്‍ക്കൂര എന്നിവയ്ക്കുപയോഗിച്ച പ്രധാന സാമഗ്രികള്‍
4. സെന്‍സസ് വീടിന്റെ ഉപയോഗം
5. സെന്‍സസ് വീടിന്റെ അവസ്ഥ
6. കുടുംബത്തിന്റെ നമ്പര്‍
7. കുടുംബത്തില്‍ പതിവായി താമസിക്കുന്നവരുടെ ആകെ എണ്ണം
8. കുടുംബനാഥന്റെ/ നാഥയുടെ പേര്
9. ആണോ പെണ്ണോ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയോ
10. പട്ടികജാതിയോ പട്ടികവര്‍ഗ്ഗമോ മറ്റുള്ളവയോ
11. വീടിന്റെ ഉടമസ്ഥത
12. താമസിക്കുവാന്‍ കുടുംബത്തിന് മാത്രമായി കൈവശമുള്ള മുറികളുടെ എണ്ണം
13. കുടുംബത്തില്‍ താമസിക്കുന്ന ദമ്പതികളുടെ എണ്ണം
14. പ്രധാന കുടിവെള്ള സ്രോതസ്സ്
15. കുടിവെള്ള സ്രോതസ്സിന്റെ ലഭ്യത
16. വെളിച്ചത്തിന്റെ പ്രധാന സ്രോതസ്സ്
17. കക്കൂസിന്റെ ലഭ്യത
18. ഏതുതരം കക്കൂസ്
19. അഴുക്കുവെള്ള കുഴല്‍ സംവിധാനം
20. കുളിക്കാനുള്ള സൗകര്യം
21. അടുക്കളയുടെയും എല്‍. പി.ജി / പി.എന്‍.ജി  കണക്ഷന്റെയും ലഭ്യത
22. പാചകത്തിന് ഉപയോഗിക്കുന്ന പ്രധാന ഇന്ധനം
23. റേഡിയോ/ ട്രാന്‍സിസ്റ്റര്‍
24. ടെലിവിഷന്‍
25. ഇന്റര്‍നെറ്റിന്റെ ലഭ്യത
26. ലാപ്‌ടോപ് / കമ്പ്യൂട്ടര്‍
27. ടെലിഫോണും  മൊബൈല്‍ / സ്മാര്‍ട്ട് ഫോണും
28. സൈക്കിള്‍, സ്‌കൂട്ടര്‍ / മോട്ടോ സൈക്കിള്‍/ മോപ്പഡ്
29. കാര്‍/ ജീപ്പ്/ വാന്‍
30. കുടുംബത്തില്‍ പ്രധാനമായും ഉപയോഗിക്കുന്ന ധാന്യം
31. മൊബൈല്‍ നമ്പര്‍

ചാര്‍ജ് ഓഫീസര്‍മാര്‍ക്ക് പരിശീലനം നല്‍കി

ജില്ലാ തലത്തില്‍ സെന്‍സസിന്റെ മേല്‍നോട്ടവും ഉത്തരവാദിത്തവും പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ക്കാണ്. ജില്ലയിലെ മറ്റു ജില്ലാ സെന്‍സസ് ഉദ്യോഗസ്ഥര്‍, തഹസില്‍ദാര്‍മാര്‍, മുനിസിപ്പല്‍ സെക്രട്ടറിമാര്‍ തുടങ്ങിയ ചാര്‍ജ് ഓഫീസര്‍മാര്‍ക്കും സെന്‍സസ് ക്ലര്‍ക്കുമാര്‍ക്കും സെന്‍സസ് പ്രക്രിയ, ചോദ്യങ്ങള്‍, ഉത്തരവാദിത്തങ്ങള്‍, 1948 ലെ സെന്‍സസ് ആക്ട്, 1990 ലെ സെന്‍സസ് റൂള്‍, മൊബൈല്‍ ആപ്, സെന്‍സസ് മാനേജ്‌മെന്റ് ആന്റ് മോണിറ്ററിംഗ് പോര്‍ട്ടല്‍ തുടങ്ങിയ വിഷയങ്ങളില്‍ ദ്വിദിന പരിശീലനം നല്‍കി. പരിശീലന പരിപാടിയുടെ ഉദ്ഘാടനം പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസറും ജില്ലാ കലക്ടറുമായ ഡി. ബാലമുരളി നിര്‍വഹിച്ചു. ജില്ലാ സെന്‍സസ് ഓഫീസറും ഡെപ്യൂട്ടി കലക്ടര്‍ ജനറലുമായ ടി.വിജയന്‍, മറ്റ് ഉദ്യോഗസ്ഥര്‍ സംസാരിച്ചു. സെന്‍സസ് ഓപ്പറേഷന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ ശൈലേന്ദ്ര അക്കായി, പാലക്കാട് ജില്ലാ ചാര്‍ജ് ഓഫീസര്‍ സി ആര്‍ ബിജി, ഡി.പി.എ എം ചിദംബരം, താലൂക്ക് ചാര്‍ജ് ഓഫീസര്‍ സി മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം നല്‍കിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!