മലമ്പുഴ: നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ മലമ്പുഴ ഗിരി വികാസില്‍ നടക്കുന്ന ദേശീയോദ്ഗ്രഥന ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ച യുവജന സെമിനാര്‍ കേന്ദ്ര സര്‍വ്വകലാശാല റജിസ്ട്രാര്‍ എ.രാധാകൃഷണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.
രാജ്യത്തെ വികസന പദ്ധതികള്‍ യുവകേന്ദ്രീകൃതമാകണമെന്നും മൊത്തം ജനസംഖ്യയുടെ 40 ശതമാനത്തോളം വരുന്ന യുവജന ങ്ങള്‍ക്ക് പദ്ധതി പ്രവര്‍ത്തനങ്ങളില്‍ അര്‍ഹമായ പ്രാധിനിത്യം ഉണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍, കായികം, സംസ്‌കാരം എന്നീ മേഖലകള്‍ക്ക് ഉയര്‍ന്ന പരിഗണന നല്‍കി വേണം യുവജനക്ഷമ പരിപാടികള്‍ ആവിഷ്‌കരിക്കേണ്ടതെന്ന് സെമിനാര്‍ വ്യക്തമാക്കി.
നെഹ്‌റു യുവകേന്ദ്ര സ്റ്റേറ്റ് ഡയറക്ടര്‍ കെ.കുഞ്ഞഹമ്മദ് അധ്യ ക്ഷനായി. റിലേഷന്‍സ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ എസ്.സതീശ്, എന്‍.വെ.കെ ഡെപ്യൂട്ടി ഡയറക്ടര്‍ മനോരജ്ഞന്‍, ജില്ലാ കോഡി നേറ്റര്‍ എം.അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. ക്യാമ്പിലെ പ്രതിനിധികള്‍ക്കായി നടത്തിയ ‘ഇന്ത്യയെ അറിയുക’ ക്വിസ് മത്സരത്തില്‍ തമിഴ് നാട് ഒന്നാം സ്ഥാനവും കര്‍ണാടക രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഹിമാചല്‍ പ്രദേശും ജമ്മു കാശ്മീരും മൂന്നാം സ്ഥാനം പങ്കിട്ടു.തുടര്‍ന്ന് വൈകീട്ട് സാംസ്‌കാരിക പരിപാടിയില്‍ തെയ്യം, കേരള നൃത്തം ,വേലകളി തുടങ്ങിയ കേരള കലകള്‍ക്ക് പുറമേ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുളള നടോടി നൃത്തരൂപങ്ങളും അരങ്ങേറി.