തച്ചമ്പാറ: ജില്ലയിലെ ശിശുദിന വാരാഘോഷ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം തച്ചമ്പാറ ദേശബന്ധു ഹൈസ്‌കൂളില്‍ ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ മീര പി നിര്‍വഹിച്ചു. ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ ശുഭ എസ് അധ്യക്ഷയായി. കുട്ടികളുടെ സംരക്ഷണം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുമെന്ന് ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ പി മീര പറഞ്ഞു.
ശിശുദിനവുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്കായി സേവനകേന്ദ്രം സജ്ജമാക്കിയിരുന്നു. ‘കൈകോര്‍ക്കാം കുട്ടികള്‍ക്കായി’ എന്ന ആശയത്തില്‍ കുട്ടികളുടെ ഒപ്പുശേഖരണംനടത്തി. കൂടാതെ മേഴ്സി കോളേജ്, എം.എസ്.ഡബ്ല്യൂ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ തച്ചമ്പാറ ദേശബന്ധു ഹൈസ്‌കൂള്‍, മണ്ണാര്‍ക്കാട് ടൗണ്‍, ഒലവക്കോട് ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ തെരുവു നാടകം അവതരിപ്പിച്ചു.
ശിശുദിന വാരാഘോഷത്തിന്റെ ഭാഗമായി നവംബര്‍ 18 ന് ഒലവക്കോട് നിന്നും ഷൊര്‍ണൂര്‍ വരെ റെയില്‍വേയുമായി സഹകരിച്ച് റെയില്‍വേ സ്റ്റേഷന്‍ ബോധവത്ക്കരണ പരിപാടി സംഘടിപ്പിക്കും. റെയില്‍വേ സ്റ്റേഷനുകളില്‍ നിന്നും നിരവധി ഇതരസംസ്ഥാന കുട്ടികളെ കാണാതാവുന്നതിന്റെ പശ്ചാത്തലത്തിലാണ് ബോധവത്ക്കരണം. കൂടാതെ നവംബര്‍ 20 ന് ജില്ലയിലെ ശിശുസംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികള്‍ക്കായി ജില്ലാതല ക്വിസ് മത്സരങ്ങളും ശിശുസൗഹൃദ സ്ഥാപനങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കണം എന്നതിനാല്‍ ചര്‍ച്ചയും നടക്കും.
ശിശുസംരക്ഷണ ഓഫീസര്‍ പ്രഭുല്ലദാസ്, റസ്‌ക്യൂ ഓഫീസര്‍ അശ്വത്, വനിതാ സംരക്ഷണ ഓഫീസര്‍ ലൈജു, പി. ആര്‍ നവീന്‍, ബി സുമേഷ്, പ്രദീപ് എന്നിവര്‍ സംസാരിച്ചു.