പാലക്കാട്: ജാസ്മില സബാനിക് സംവിധാനം ചെയ്ത ബോസ്നിയന്‍ ചിത്രം ക്വോ വാഡിസ്, ഐഡ? രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രമാകും. പ്രിയ കോംപ്ലക്‌സില്‍ വൈകിട്ട് ആറിന് ഉദ്ഘാടനത്തിന് ശേഷമാവും ചിത്രം പ്രദര്‍ശിപ്പിക്കുക. ബോസ്നിയന്‍ വംശഹത്യയുടെ പിന്നാമ്പുറങ്ങള്‍ പുതിയ കാഴ്ചപ്പാടിലൂടെ ആവിഷ് കരിക്കുന്ന ചിത്രം അന്താരാഷ്ട്ര സംഘര്‍ഷങ്ങളുടെ ഉത്ഭവവും യുദ്ധത്തിന്റെ അര്‍ത്ഥരാഹിത്യവും അനാവരണം ചെയ്യുന്നു.
സ്രെബ്രെനിക്കയിലെ യു എന്നിന്റെ വിവര്‍ത്തകയായ ഐഡ എന്ന കഥാപാത്രത്തിന്റെ കുടുംബ ജീവിതത്തെ ആധാരമാക്കിയാണ് ചിത്രത്തിന്റെ പ്രമേയം രൂപപ്പെടുത്തിയിട്ടുള്ളത്. ബലാല്‍സംഗം, ശിരഛേദം തുടങ്ങി വംശഹത്യയുടെ ഭീകരതയെ ഐഡയുടെ കാഴ്ചപ്പാടിലൂടെ ചിത്രം അനാവരണം ചെയ്യുന്നു.
സെര്‍ബിയന്‍ ചരിത്രത്തിലെ ഏറ്റവും അക്രമാസക്തമായ സ്രെബെ നിക്ക കൂട്ടക്കൊലയെ ആധാരമാക്കി രൂപപ്പെടുത്തിയ ഈ ചിത്രം ഇത്തവണത്തെ ഓസ്‌കാര്‍ നോമിനേഷന്‍ നേടിയിരുന്നു. വെനീസ് ഉള്‍പ്പടെ വിവിധ അന്താരാഷ്ട്ര മേളകളിലും ക്വോ വാഡിസ്, ഐഡ മികച്ച പ്രതികരണം നേടിയിട്ടുണ്ട്.