ഒറ്റപ്പാലം:സംസ്ഥാന സ്പെഷല്‍ സ്‌കൂള്‍ കലോത്സവത്തില്‍ മാനസിക വെല്ലുവിളി നേരിടുന്ന എട്ടു മുതല്‍ 10 വരെ ക്ലാസുകളുടെ വിഭാഗത്തില്‍ സംസ്ഥാനത്ത് 41 പോയിന്റ് നേടി പാലക്കാട് ഒന്നാം സ്ഥാനവും 38 പോയിന്റ് നേടി എറണാകുളം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.ഒന്നുമുതല്‍ ഏഴുവരെ ക്ലാസുകാരുടെ വിഭാഗത്തില്‍ 35 പോയിന്റ് നേടി മലപ്പുറം മുന്നിലെത്തിയപ്പോള്‍ 29 പോയിന്റ് നേടി തിരുവനന്തപുരം രണ്ടാം സ്ഥാനത്തെത്തി.കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഒറ്റപ്പാലത്ത് നടക്കുന്ന സംസ്ഥാന സ്പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തില്‍ സംസ്ഥാനത്തെ 241 സ്‌കൂളുകളില്‍ നിന്നായി ഭിന്നശേഷിക്കാരായ 1500 ലധികം വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. രണ്ടാം ദിനത്തില്‍ നാടോടി നൃത്തം, സംഘനൃത്തം, കഥാപ്രസംഗം, ശാസ്ത്രീയസംഗീതം, മിമിക്രി, മാപ്പിളപ്പാട്ട്, ദേശഭക്തിഗാനം, മോണോ ആക്ട്, ഉപകരണസംഗീതം, പദ്യംചൊല്ലല്‍, ജലച്ചായം, ബാന്‍ഡ് മേളം, എന്നീ ഇനങ്ങളിലായി 710 വിദ്യാര്‍ഥികള്‍ മാറ്റുരച്ചു. സമാപന ദിനമായ ഇന്ന് (ഒക്ടോബര്‍ 19) കാഴ്ച്ച കുറവുള്ള (വി.ഐ) വിഭാഗത്തില്‍പ്പെടുന്ന കുട്ടികളുടെ മത്സരമാണ് പ്രധാനമായും നടക്കുന്നത്. 345 വിദ്യാര്‍ഥികളാണ് പങ്കെടുക്കുക.കലോത്സവം സമാപന സമ്മേളനം ഒക്ടോബര്‍ 20ന്‌വൈകിട്ട് അഞ്ചിന് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. ഉദ്ഘാടനം ചെയ്യും. ഒറ്റപ്പാലം നഗരസഭാ ചെയര്‍മാന്‍ എന്‍.എം. നാരായണന്‍ നമ്പൂതിരി പരിപാടിയില്‍ അധ്യക്ഷനാവും. എ.ഡി.പി. ഐ. ജനറല്‍ കണ്‍വീനര്‍ സി.എസ്. സന്തോഷ് കലോത്സവ അവലോകനവും വിജയികളെ പ്രഖ്യാപിക്കലും നടത്തും. എം.എല്‍.എ. മാരായ പി.ഉണ്ണി, കെ. ബാബു, എന്‍.ഷംസുദ്ദീന്‍, കെ.സി.പ്രസേനന്‍,വി. ടി. ബല്‍റാംര്‍ മുഖ്യാതിഥികളാവും. ഒറ്റപ്പാലം നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ കെ. രത്നമ്മ, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ സത്യന്‍ പെരുമ്പറക്കോട്, പി.എം.എ. ജലീല്‍ ,യു.എ. മജീദ്, ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.