കൊടുവായൂര്‍:ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ ഒമ്പതാമത് ജില്ലാ തുടര്‍ വിദ്യാഭ്യാസ കലോത്സവ ത്തിന് കൊടുവായൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തുടക്ക മായി.സാഹിത്യകാരന്‍ മുണ്ടൂര്‍ സേതുമാധവന്‍ പതാക ഉയര്‍ത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ ശാന്തകുമാരി മുഖ്യാതിഥിയായി. കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശാരദാ തുളസിദാസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഓമന സുബ്രഹ്മണ്യന്‍,കൊടുവായൂര്‍ പഞ്ചായത്ത് അംഗം കെ.ബാബു,തുല്യത കണ്‍വീനര്‍ ഡോ.പി.സി ഏലിയാമ്മ, പ്രിന്‍സിപ്പാള്‍ ശോഭന,പ്രധാന അധ്യാപികന്‍ ഗോപാലകൃഷ്ണന്‍ സംസാരിച്ചു.കൊടുവായൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി കൃഷ്ണപ്രസാദ് സ്വാഗതവും ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ദീപ ജെയിംസ് നന്ദിയും പറഞ്ഞു.കഥാരചന, കവിതാ രചന, ജലഛായം, കഥ പറയല്‍, കവിത ചൊല്ലല്‍ എന്നീ ഇനങ്ങളിലാണ് ആദ്യദിന മത്സരം.നാളെ സ്റ്റേജിന മത്സരങ്ങള്‍ ആരംഭിക്കും. അക്ഷരം, നവചേതന, ചങ്ങാതി, സമഗ്ര, സമന്വയ എന്നീ അഞ്ചു വേദികളിലായാണ് സ്റ്റേജിന മത്സരങ്ങള്‍ അരങ്ങേറുക. 35 ല്‍ പരം ഇനങ്ങളിലായി നൂറിലധികം പഠിതാക്കള്‍ കലോത്സവത്തില്‍ മാറ്റുരയ്ക്കും. നാല്, ഏഴ് പഠിതാക്കള്‍ക്കുള്ള ആദ്യ വിഭാഗം, രണ്ടാം വിഭാഗത്തില്‍ പ്രേരക്മാര്‍, മൂന്നാം വിഭാഗത്തില്‍ 10-ാം തരം, ഹയര്‍ സെക്കന്‍ഡറി തുല്യത പഠിതാക്കള്‍, സമഗ്ര, നവചേതന, ചങ്ങാതി, അട്ടപ്പാടി പദ്ധതികളുടെ ഇന്‍സ്ട്രക്ടര്‍മാര്‍ക്കുള്ള നാലാം വിഭാഗം, ട്രാന്‍സ്ജെന്‍ഡേഴ്സിനായി അഞ്ചാം വിഭാഗം, ചങ്ങാതി പഠിതാക്കളുടെ ആറാം വിഭാഗം എന്നിങ്ങനെയാണ് മത്സരങ്ങള്‍ നടക്കുക. കലോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം ഞായറാഴ്ച രാവിലെ 9ന് ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിര്‍വ്വഹിക്കും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരി അധ്യക്ഷയാവും. ആലത്തൂര്‍ എം.പി രമ്യ ഹരിദാസ്, പത്മശ്രീ ശിവന്‍ നമ്പൂതിരി, മുഖ്യാതിഥികളാവും. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാര്‍, ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാര്‍, ജനപ്രതി നിധികള്‍, സാക്ഷരതാ പ്രവര്‍ത്തകര്‍ പങ്കെടുക്കും. വൈകീട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം കെ.ബാബു എം.എല്‍.എ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് സമ്മാനവിതരണം നടക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!