ഒറ്റപ്പാലം:കേള്‍ക്കുന്നതും അധ്യാപകര്‍ പറഞ്ഞു തരുന്നതുമായ കാര്യങ്ങളെ മനസ്സില്‍ കോര്‍ത്തിണക്കി ബ്രെയ്‌ലി ലിപിയിലൂടെ കഥ രചിച്ച് വിദ്യാര്‍ഥികള്‍. സംസ്ഥാന സ്പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തിലാണ് കാഴ്ച വൈകല്യമുള്ള കുട്ടികളുടെ കഥാ രചനാമത്സരം ശ്രദ്ധേയമായത്. ബ്രെയ്ലി ലിപിയിലെ ആറ് കുത്തുകള്‍ യോജിപ്പിച്ച് അക്ഷരങ്ങളും വാക്യങ്ങളുമാക്കി സ്വപ്നങ്ങളെ കഥയാക്കി മാറ്റിയാണ് വിദ്യാര്‍ഥികള്‍ കഥയെഴുതിയത്. യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി നടന്ന മത്സരത്തില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. വേനലവധിയും പെയ്തുതോരാത്ത മഴയും വിഷയങ്ങളായി എത്തിയപ്പോള്‍ തങ്ങളുടെ സ്വപ്നങ്ങളെ മുഴുവനായി ലിപി ബോര്‍ഡിലേക്ക് പകര്‍ത്താന്‍ വിദ്യാര്‍ഥികള്‍ക്കായി.