തച്ചമ്പാറ: ദേശബന്ധു സ്‌പോര്‍ട്‌സ് അക്കാദമിയുടെ നേതൃത്വത്തില്‍ വിവിധ കായിക ഇനങ്ങളില്‍ അവധിക്കാല പരിശീലനം ആരംഭിച്ചു. കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം പരിപോഷിപ്പിക്കുന്നതിനും കായികമേഖലയില്‍ പ്രോത്സാഹനം നല്‍കുന്നതിനുമായാണ് ക്യാംപ് സംഘടിപ്പിച്ചിരിക്കുന്നത്. ഒന്ന് മുതല്‍ പതിനൊന്നാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കായി ദേശബന്ധു ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്ത് രാവിലെയും വൈകിട്ടുമായി ഫുട്‌ബോള്‍, കബഡി, ക്രിക്കറ്റ്, അത്‌ലറ്റിക്, ബാസ്‌ക്കറ്റ് ബോള്‍, ബാറ്റ്മിന്റണ്‍ എന്നിവയിലാണ് പരിശീലനം നല്‍കുന്നത്. ടാറ്റാ ഫുട്‌ബോള്‍ അക്കാദമി കോച്ച് ചേതന്‍മുഖി, നിവിന്‍ രാജപുരി, നിധിന്‍, അരുണ്‍, ഡെന്‍സി ജോസഫ് എന്നിവരാണ് പരിശീലകര്‍. ക്യാംപ് പി.ടി.എ. പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകന്‍ പി.എസ് പ്രസാദ് അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ സ്മിത പി. അയ്യങ്കുളം, കായികാധ്യാപകന്‍ മനേഷ്, ക്യാംപ് ഡയറക്ടര്‍ അരുണാചലം തുടങ്ങിയവര്‍ പങ്കെടുത്തു. ക്യാംപില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ രാവിലെ 7.30ന് ഗ്രൗണ്ടില്‍ എത്തണമെന്ന് സംഘാടകര്‍ അറിയിച്ചു.
