വടക്കഞ്ചേരി:ശങ്കരന്‍ കണ്ണന്‍തോടിന് സമീപം റബ്ബര്‍ തോട്ടത്തില്‍ കണ്ടെത്തിയ അസ്ഥികൂടം വടക്കഞ്ചേരി സ്വദേശിനിയുടേതെന്ന് സ്ഥിരീകരണം. ചന്തപ്പുരയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന വെടിപുരയ്ക്കല്‍ വീട്ടില്‍ സെയ്താലിയുടെ ഭാര്യ സൈനബ (60) യുടേതാണ് അസ്ഥികൂടമെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. സ്ഥലത്ത് നിന്നും കണ്ടെത്തിയ സാരി,ലേഡീസ് ബാഗ്, പേഴ്‌സ്, മൊബൈല്‍ ഫോണ്‍, മൊബൈല്‍ ചാര്‍ജര്‍, ചെരുപ്പ് എന്നിവയില്‍ നിന്നാണ് ബന്ധുക്കള്‍ മരിച്ചത് സൈനബയെന്ന് ഉറപ്പിച്ചത്.ഇന്ന് ഡോഗ് സ്‌ക്വാഡും,വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.വടക്കഞ്ചേരി സിഐ സന്തോഷിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ് മാര്‍ട്ടത്തിനായി അസ്ഥികൂടം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോയി. അസ്ഥികൂടത്തിന് സമീപത്ത് നിന്നും വിഷമെന്ന് സംശയിക്കുന്ന ദ്രാവക രൂപത്തിലുള്ള വസ്തു കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റ് മാര്‍ട്ടത്തിന് ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാവുകയള്ളൂവെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ ജൂണ്‍ 28 മുതല്‍ സൈനബയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പീച്ചി പോലീസില്‍ പരാതി നല്‍കിയിരുന്നു.ഇത് സംബന്ധിച്ച് പത്ര പരസ്യവും നല്‍കിയിരുന്നു. ജൂണ്‍ 28 ന് പീച്ചി കണ്ണാറയില്‍ പോയി മടങ്ങും വഴിയാണ് ഇവരെ കാണാതായതായതെന്നാണ് പരാതിയില്‍ പറയുന്നത്.ഇന്നലെ റബ്ബര്‍ തോട്ടം വൃത്തിയാക്കുന്നതിനിടെയാണ് അസ്ഥികൂടം കണ്ടെ ത്തിയത്.വടക്കഞ്ചേരി പോലീസ് അന്വേഷണം തുടങ്ങി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!