ഒലവക്കോട്: മതിയായ രേഖകളില്ലാതെ ട്രെയിനില്‍ കടത്തുകയായിരുന്ന 80 ലക്ഷം രൂപ റെയില്‍വേ പോലീസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടി. ശനിയാഴ്ച പുലര്‍ച്ചെ പാലക്കാട് ജംഗ്ഷനില്‍ നടത്തിയ പരിശോധനയിലാണ് കുഴല്‍പ്പണക്കടത്ത് പിടികൂടിയത്. ചെന്നൈയില്‍ നിന്നും മംഗലാപുരത്തേക്ക് പോവുകയായിരുന്ന ട്രെയിനില്‍ നടത്തിയ പരിശോധനയില്‍ മലപ്പുറം വേങ്ങര സ്വദേശികളും സഹോദരങ്ങളുമായ അബ്ദുള്‍ ഖാദര്‍, മുഹമ്മദ് ഷെഫീഖ് എന്നിവരില്‍ നിന്നാണ് രേഖകളില്ലാതെ സൂക്ഷിച്ച പണം കണ്ടെടുത്തത്.എസ്‌ഐമാരായ രമേശ് കുമാര്‍, എം.സുനില്‍, സിപിഒമാരായ ഹരിദാസ്, ലിജോ ജോണ്‍സണ്‍ എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.ഒരാഴ്ചയ്ക്കിടെ റെയില്‍വേ പോലീസ് നടത്തുന്ന രണ്ടാമത്തെ കുഴല്‍പ്പണ വേട്ടയാണിത്. ഇക്കഴിഞ്ഞ ഞായറാഴ്ച പകല്‍ ചെന്നൈ മംഗലാപുരം എക്്‌സ്പ്രസില്‍ നടത്തിയ ഓണക്കാല പരിശോധനക്കിടെ 88 ലക്ഷം രൂപയുടെ കുഴല്‍പ്പണം എസ്‌ഐമാരായ രമേശ് കുമാര്‍, എം.സുനില്‍ എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയിരുന്നു. സംഭവുമായി ബന്ധപ്പെട്ട് മലപ്പുറം വേങ്ങര താഴെ അങ്ങാടി അമ്പലവന്‍കുന്ന് അബ്ദുള്‍ അസീസ്, അഞ്ചുപറമ്പ് മണിത്തൊടി വീട്ടില്‍ മുഹമ്മദ് റഫീഖ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.