പാലക്കാട്:വന്യജീവി ആക്രമണത്തെ തുടര്‍ന്നുള്ള കൃഷിനാശവുമായി ബന്ധപ്പെട്ട 125 പരാതികള്‍ തീര്‍പ്പാക്കി 35. 87 ലക്ഷം രൂപ നഷ്ടപരിഹാരം കൈമാറി ജില്ലയില്‍ നടന്ന വനംഅദാലത്ത് ശ്രദ്ധേയമായി. കല്ലേക്കുളങ്ങര റെയില്‍വെ കോളനി കല്യാണ മണ്ഡപത്തില്‍ നടന്ന അദാലത്തില്‍ മണ്ണാര്‍ക്കാട്, സെലന്റവാലി, നെന്മാറ, പാലക്കാട് എന്നീ നാലു ഡിവിഷനുകളില്‍ നിന്നായി മൊത്തം 523 പരാതികളാണ് ലഭിച്ചത്. ഇതില്‍ 314 പരാതികളും അദാലത്തിന്റെ പരിധിയില്‍പെടാത്ത ഭൂമി സംബന്ധിച്ചായിരുന്നു. ഇത്തരം പരാതികള്‍ പരിഗണിക്കുന്നതിന് പ്രത്യേക ഡ്രൈവ് സംഘടിപ്പിക്കുമെന്ന് മന്ത്രി അഡ്വ. കെ രാജു വൃക്കമാക്കി. തുടര്‍ന്നുള്ള 209 പരാതികളില്‍ 155 എണ്ണവും അദാലത്ത് വേദിയില്‍ തന്നെ പരിഹരിച്ച് ഉത്തരവുകള്‍ കൈമാറി. മേല്‍ സൂചിപ്പിച്ച 125 പരാതികളും ഇതില്‍ ഉള്‍പ്പെടുന്നതാണ്.അദാലത്തില്‍ ലഭിച്ച പുതിയ 46 പരാതികള്‍ ഉള്‍പ്പടെയുള്ള 100 പരാതികള്‍ പരിശോധിച്ച് ഒരു മാസത്തിനകം തീര്‍പ്പാക്കി പരാതിക്കാരെ വിവരമറിയിക്കുമെന്ന് മന്ത്രി പറഞ്ഞു. വനസംബന്ധമായ പൊതുജനങ്ങളുടെ പരാതികള്‍ക്ക് അടിയന്തര പരിഹാരം കാണുന്നതിന് വനം മന്ത്രിയുടെ നേതൃത്വത്തില്‍ ജില്ലകല്‍തോറും നടത്തുന്ന വന അദാലത്തുകളുടെ ഭാഗമായാണ് ജില്ലയില്‍ അദാലത്ത് സംഘടിപ്പിച്ചത്. സംസ്ഥാനത്ത് നടക്കുന്ന അഞ്ചാമത് അദാലത്താണ് പാലക്കാട് ജില്ലയില്‍ നടന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശ്ശൂര്‍, ജില്ലകളില്‍ ഇതുവരെ അദാലത്ത് നടന്നു.