പാലക്കാട്:ജില്ലയില്‍ യുവജനക്ഷേമ കായിക പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തേജനം നല്‍കാന്‍ ജില്ലാ കലക്ടര്‍ ഡി. ബാലമുരളിയുടെ അധ്യക്ഷതയില്‍ കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന നെഹ്‌റു യുവകേന്ദ്ര ഉപദേശക സമിതി യോഗത്തില്‍ തീരുമാനമായി. മാലിന്യ നിര്‍മ്മാര്‍ജന സംസ്‌കരണ പ്രവര്‍ത്തനങ്ങളില്‍ ജില്ലയിലെ മുഴുവന്‍ ക്ലബ് പ്രവര്‍ത്തകരും പങ്കാളികളാകണമെന്ന് ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു. കായിക രംഗത്ത് പ്രവര്‍ത്തിക്കുന്ന അഫിലിയേഷന്‍ പുതുക്കിയ എല്ലാ ക്ലബുകള്‍ക്കും 5000 രൂപയുടെ സ്‌പോര്‍ടസ്‌കിറ്റുകള്‍ നല്‍കും. ബ്ലോക്ക,് ജില്ലാതല കായിക മത്സരങ്ങള്‍ ഒക്ടോബര്‍ മാസത്തില്‍ ആരംഭിക്കും. ജലശക്തി അഭിയാനു കീഴില്‍ സ്വച്ഛത, ശ്രമദാന്‍ പദ്ധതി പ്രകാരം കുളങ്ങള്‍ ശുദ്ധീകരിക്കും. കേന്ദ്ര യുവജനക്ഷേമകാര്യ, കായിക വകുപ്പ് മന്ത്രാലയങ്ങളുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 20 മുതല്‍ 24 വരെ പാലക്കാട് ദേശീയ ഉദ്ഗ്രഥന പരിശീലന ക്യാമ്പും നാടന്‍ കലാമേളയും സംഘടിപ്പിക്കും. അഞ്ചു ദിവസത്തെ ക്യാമ്പില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 250ഓളം യുവജനങ്ങള്‍ പങ്കെടുക്കുമെന്നും നെഹ്‌റു യുവകേന്ദ്ര ജില്ലാ കോര്‍ഡിനേറ്റര്‍ എം. അനില്‍കുമാര്‍ യോഗത്തില്‍ വിശദീകരിച്ചു.പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യൂത്ത് ക്ലബ്ബുകളുടെ സഹകരണത്തോടെ പൊതുസ്ഥലങ്ങളില്‍ കഴിഞ്ഞ ആഗസ്റ്റ് ഒന്നുമുതല്‍ 15 വരെയുള്ള ദിവസങ്ങളിലായി എന്‍.വൈ.കെയുടെ ആഭിമുഖ്യത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ജൂണില്‍ യോഗാദിനത്തോടനുബന്ധിച്ച് ആയിരം യുവാക്കളെ പങ്കെടുപ്പിച്ച് ജില്ലായൂത്ത് കണ്‍വെന്‍ഷന്‍ നടത്തിയതായും ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലായി ബ്ലോക്ക് തലത്തില്‍ യൂത്ത് പാര്‍ലമെന്റ് സംഘടിപ്പിച്ചതായും ജില്ലാ കോര്‍ഡിനേറ്റര്‍ യോഗത്തില്‍ അറിയിച്ചു. യോഗത്തില്‍ ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ.ഉണ്ണികൃഷണന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍, ലീഡ് ബാങ്ക് മാനേജര്‍ ജി.അനില്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.കെ.ആര്‍ സെല്‍വരാജ്, ഔട്ട് റീച്ച് പ്രോഗ്രാം ഓഫീസര്‍ എം.സ്മിതി, വ്യവസായ കേന്ദ്രം മാനേജര്‍ കെ.സലീന, നാഷണല്‍ സര്‍വീസ് സ്‌കീം ജില്ലാ പ്രോഗ്രാം ഓഫീസര്‍ കെ. പ്രതീഷ്, യൂത്ത് പ്രോഗ്രാം ഓഫീസര്‍ എം.എസ്.ശങ്കര്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അസ്‌കര്‍ ഷാ, ദാരിദ്ര്യ ലഘൂകരണ യൂണിറ്റ് പ്രോജക്ട് ഡയറക്ടര്‍ കെ.പി. വേലായുധന്‍, ജില്ലാ പഞ്ചായത്ത് ജുനിയര്‍ സൂപ്രണ്ട് കെ.നസീര്‍, കെ. കര്‍പ്പകം എന്നിവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!