പാലക്കാട്:പരിസ്ഥിതി ലോല പ്രദേശങ്ങളടക്കം വനമേഖലയുമായി ബന്ധപ്പെട്ട ഭൂമി തര്‍ക്കങ്ങള്‍ പരിശോധിച്ച് പരിഹാരം കണ്ടെത്തുന്നതിന് ജില്ലയില്‍ സെപഷ്യല്‍ ഡ്രൈവ് സംഘടിപ്പിക്കുമെന്ന് വനം- വന്യജീവി വകുപ്പ് മന്ത്രി അഡ്വ. കെ.രാജു പറഞ്ഞു. വനവാസികള്‍ക്ക് വനത്തില്‍ താമസിക്കാനുള്ള അവകാശമുണ്ടെന്നും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വനം വകുപ്പ് പ്രതിജ്ഞാബദ്ധരാണെന്നും പാലക്കാട് കല്ലേകുളങ്ങര റെയില്‍വേ കോളനി കല്യാണ മണ്ഡപത്തില്‍ സംഘടിപ്പിച്ച വനം അദാലത്ത് ഉദ്ഘാടനം ചെയ്യവെ മന്ത്രി പറഞ്ഞു. വനമേഖലയില്‍ പുതിയ കൈയേറ്റങ്ങളുണ്ടെങ്കില്‍ അത് ഗൗരവമായി കാണും. ഭൂമിയില്ലാത്ത വനവാസികള്‍ക്ക് ഭൂമി നല്‍കുന്ന സര്‍ക്കാര്‍ പദ്ധതി നടപ്പിലാക്കി വരികയാണെന്നും അദ്ദേഹം അറിയിച്ചുവനമേഖല കൂടുതലായ ജില്ലയില്‍ വന്യജീവി ആക്രമണം നേരിടാന്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കും. കാട്ടാനശല്യം തടയുന്നതിന് ജില്ലയില്‍ ഈ വര്‍ഷം 30 കി.മീറ്ററില്‍ സൗരോര്‍ജ്ജ വേലി സ്ഥാപിക്കുന്നുണ്ട്. ഇതില്‍ 18 കി. മീറ്ററിന്റെ പണി പൂര്‍ത്തിയായതായും ബാക്കി ഉടന്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു. ഈ മൂന്ന് വര്‍ഷകാലയളവില്‍ 154 കി. മീറ്റര്‍ സൗരോര്‍ജ്ജ വേലി സ്ഥാപിച്ചു. വനമേഖലയോട് ചേര്‍ന്നുള്ള കൃഷിയിടങ്ങളിലെ കാട്ടുപന്നികളുടെ ശല്യം കുറയ്ക്കുന്നതിന് നടപടികള്‍ സ്വീകരിച്ചതായും ശല്യം കൂടുന്ന സാഹചര്യങ്ങളില്‍ വെടിവെച്ചു കൊല്ലുന്നതിന് ബന്ധപ്പെട്ട ഡി.എഫ്. ഒ മാര്‍ക്ക് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചതായും മന്ത്രി അറിയിച്ചു. റാപിഡ് റെസ്പോണ്‍സ് ടീമുകളുടെ (ആര്‍.ആര്‍.ടി) എണ്ണം കൂടുതലുള്ള ജില്ല ആണെങ്കിലും പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അടിയന്തര സാഹചര്യങ്ങളില്‍ ആര്‍.ആര്‍.ടികള്‍ രൂപീകരിക്കാന്‍ ഡി.എഫ്.ഒ.മാര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. വന്യജീവി ആക്രമണം നേരിടാന്‍ കിഫ്ബിയിലും റീ -ബില്‍ഡ് കേരളയിലും ഉള്‍പ്പെടുത്തി കൂടുതല്‍ പദ്ധതികള്‍ രൂപീകരിക്കുമെന്നും ജില്ലയ്ക്ക് പ്രത്യേക പരിഗണന നല്‍കുമെന്നും മന്ത്രി അറിയിച്ചു.പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി ബിന്ദു അദ്ധ്യക്ഷയായ പരിപാടിയില്‍ വനം വകുപ്പ് മേധാവി പി.കെ കേശവന്‍, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി. പി പ്രമോദ്, ആര്‍.ഡി.ഒ ഷാജഹാന്‍, ഡി.എഫ്.ഒമാരായ നരേന്ദ്രനാഥ് വേലൂരി, കെ.കെ സുനില്‍, സി.പി.അനീഷ് , ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വകുപ്പ് തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബസിച്ചു.