പട്ടാമ്പി: ഉന്നത വിദ്യാഭ്യാസരംഗത്ത് കാതലായ മാറ്റമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി കെ.ടി.ജലീല്‍ പറഞ്ഞു. പട്ടാമ്പി ഗവ.കോളേജിലെ ഐ.ടി.ഹബ്ബ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
മറ്റു യൂണിവേഴ്സിറ്റികളിലേക്കുളള പ്രവേശനത്തിന് വേണ്ട തുല്യതാ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് ഇതിനകം പരിഹാരം കാണാന്‍ സാധിച്ചു. അടുത്ത അധ്യയനവര്‍ഷം മുതല്‍ ഒന്നുമുതല്‍ പി.ജി വരെയുളള ക്ലാസുകള്‍ ജൂണ്‍ ഒന്നുമുതല്‍ തന്നെ ആരംഭിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഡിഗ്രി പരീക്ഷകളുടെ ഫലപ്രഖ്യാപനം എപ്രില്‍ അവസാനത്തോടെ തന്നെ നടത്താനും ലക്ഷ്യമിടുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ക്യാമ്പസുകള്‍ അരാജകത്വത്തിലേക്കും അരാഷ്ടീയത്തിലേക്കും നീങ്ങുകയാണെന്ന ഖ്യാതി നിലനില്‍ക്കുമ്പോഴാണ് രാജ്യത്തെ അനീതികള്‍ക്കെതിരെയുളള പ്രക്ഷോഭങ്ങള്‍ ക്യാമ്പസുകളിൽ ഉയർന്ന് വരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
റുസ (രാഷ്ട്രീയ ഉചധാർ ശിക്ഷാ അഭിയാൻ) ഫണ്ടില്‍ നിന്നും 60 ലക്ഷം രൂപ ചിലവഴിച്ചാണ് പട്ടാമ്പി ഗവ.കോളേജില്‍ ഐ.ടി.ഹബ്ബ് ആരംഭിച്ചിരിക്കുന്നത്. ഉദ്ഘാടന പരിപാടിയിൽ പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എം.മുഹമ്മദാലി അധ്യക്ഷനായി. പ്രിന്‍സിപ്പാള്‍ ഡോ.ജ്യോതിരാജ്, നഗരസഭാ കൗണ്‍സിലര്‍ കെ.ടി.റുഖിയ, പി.വിജയകുമാര്‍, വി.കെ.മുരളിധരന്‍, അഭിജിത്ത് ലക്ഷ്മണന്‍, ഹരിദാസന്‍, യു.ജയശ്രീ, തുടങ്ങിയവര്‍ സംസാരിച്ചു.