അഗളി :കുടുംബശ്രീ പാലക്കാട് ജില്ലാമിഷന്റെ ആഭിമുഖ്യ ത്തില്‍ അട്ടപ്പാടി സമഗ്ര ആദിവാസി വികസന പദ്ധതിയുടെയും തൊഴില്‍ നൈപുണ്യ പരിശീലന പദ്ധതിയായ ഡി. ഡി. യു. ജി. കെ. വൈ പദ്ധതിയുടെയും ഭാഗമായി അട്ടപ്പാടിയിലെ പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കായി സംഘടിപ്പിച്ച പ്രത്യേക തൊഴില്‍മേളയില്‍ 172 പേര്‍ക്ക് ജോലി വാഗ്ദാനം ലഭിച്ചു. ഹോട്ടല്‍, ഓട്ടോമൊബൈല്‍, ടെക്‌സ്‌റ്റൈല്‍സ്, ഇന്‍ഷുറന്‍സ് ആന്‍ഡ് ഫിനാന്‍സ് തുടങ്ങിയ മേഖലകളിലെ 10 സ്ഥാപനങ്ങളാണ് തൊഴില്‍ മേളയില്‍ പങ്കെടുത്തത്. അട്ടപ്പാടി ബ്ലോക്കിലെ അഗളി, ഷോളയൂര്‍, പുതൂര്‍ എന്നീ പഞ്ചായത്തുകളിലെ പട്ടികവര്‍ഗത്തില്‍പ്പെട്ട 300 ഓളം ഉദ്യോഗാര്‍ഥികള്‍ തൊഴില്‍മേളയില്‍ പങ്കെടുത്തു. 172 പേര്‍ക്ക് വിവിധ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ലഭിച്ചു.
എസ്.എസ്.എല്‍. സി മുതല്‍ ബിരുദാനന്തര ബിരുദം വരെ യോഗ്യതയുള്ള യുവതീയുവാക്കളാണ് തൊഴില്‍ തേടിയെത്തിയത്. അഗളി ഇ.എം.എസ്സ് ടൗണ്‍ ഹാളില്‍ നടന്ന തൊഴില്‍മേള അഗളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീലക്ഷ്മി ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. അട്ടപ്പാട്ടി നോഡല്‍ ഓഫീസറും ഒറ്റപ്പാലം സബ് കലക്ടറുമായ അര്‍ജ്ജുന്‍ പാണ്ഡ്യന്‍ വിശിഷ്ടാതിഥിയായി. കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ പി.സെയ്തലവി, അഗളി സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ മരുതി മുരുകേശന്‍, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ കെ.നിമിഷ, അട്ടപ്പാടി സ്‌പെഷ്യല്‍ പ്രൊജക്ടിലെ സ്‌കില്‍സ് & ലൈവ് ലിഹുഡ് കോ-ഓര്‍ഡിനേറ്റര്‍ കരുണാകരന്‍, യങ്ങ് പ്രൊഫഷണല്‍ സുധീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.