ചിറ്റൂര്‍: ഊര്‍ജ സംരക്ഷണം മുന്‍ നിര്‍ത്തിയുള്ള കാര്‍ഷിക രീതികള്‍ കര്‍ഷകര്‍ അവലംബിക്കണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. കുസും പദ്ധതി വഴി അനര്‍ട്ട് മുഖേന കര്‍ഷകര്‍ക്ക് അറുപതു ശതമാനം സബ്ബ്സിഡി നിരക്കില്‍ നിലവിലുള്ള കാര്‍ഷിക പമ്പുകളെ സോളാര്‍ പമ്പു സെറ്റുകളായി സ്ഥാപിക്കുന്നതിനുള്ള വിശദീകരണ ക്ലാസ് ചിറ്റൂര്‍ എംപ്ലോയ്മെന്റ് കരിയര്‍ ഡവലപ്പ്മെന്റ് സെന്റര്‍ ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സോളാര്‍ പമ്പ് സെറ്റുകള്‍ ഉപയോഗിക്കുക വഴി വൈദ്യുതി ലാഭിക്കുന്നതോടൊപ്പം തന്നെ കൂടുതല്‍ ജലസേചനം ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു.
അനര്‍ട്ട് ജനറല്‍ മാനേജര്‍ ചന്ദ്രശേഖരന്‍ അധ്യക്ഷനായി. പ്രോഗ്രാം ഓഫീസര്‍ ജെ മനോഹരന്‍ സോളാര്‍ പമ്പു സെറ്റുകളെ കുറിച്ചു ക്ലാസെടുത്തു. അനര്‍ട്ട് ജില്ലാ എഞ്ചീനിയര്‍ സുരേഷ്‌കുമാര്‍ ആമുഖ പ്രഭാഷണം നടത്തി. അനര്‍ട്ട് സംസ്ഥാന-ജില്ലാതല ഉദ്യോഗസ്ഥരും പരിപാടിയില്‍ സംബന്ധിച്ചു. പദ്ധതിയുടെ ഭാഗമാകുന്നതിന് ഗുണഭോക്താക്കള്‍ നാല്‍പ്പത് ശതമാനം വിഹിതം അടച്ചാല്‍ മതിയെന്ന് അനര്‍ട്ട് ജില്ലാ ഓഫീസര്‍ അറിയിച്ചു.