ചിറ്റൂര്‍:തൊഴില്‍ സാധ്യതകള്‍ കൂടി പരിഗണിച്ചുള്ള വിദ്യാഭ്യാസ രീതി വിദ്യാര്‍ഥികള്‍ തിരഞ്ഞെടുക്കണമെന്ന് ജലസേചന വകുപ്പു മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. ജില്ലാ എംപ്ലോയ്മെന്റ് ഓഫീസിനോടനുബന്ധിച്ചു പ്രവര്‍ത്തിക്കുന്ന എംപ്ളോയബിലിറ്റി സെന്റര്‍ ചിറ്റൂര്‍ ഗവ. കോളേജില്‍ സംഘടിപ്പിച്ച ‘ലക്ഷ്യ’ മെഗാ ജോബ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഡിഗ്രി വിദ്യാഭ്യാസത്തേക്കാള്‍ തൊഴിലധിഷ്ടിത വിദ്യാഭ്യാസത്തിന് രക്ഷിതാക്കള്‍ വിദ്യാര്‍ഥികളെ പ്രചോദിതരാക്കണമെന്നും എവിടെയൊക്കെയാണ് തൊഴില്ലെന്ന് മനസിലാക്കാന്‍ ലക്ഷ്യ മെഗാ ജോബ് ഫെസ്റ്റ് മൂലം സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഇരുപതോളം സ്വകാര്യ കമ്പനികള്‍ തൊഴില്‍ മേളയില്‍ പങ്കെടുത്തു. ബാങ്കിങ്, ഐ.ടി, അക്കൗണ്ടിംങ്, ടീച്ചിംങ് ഓഫീസ്, അഡ്മിനിസ്ട്രേഷന്‍, സെയില്‍സ് ആന്റ് മാര്‍ക്കററിങ്, ഹോസ്പിററാലിറ്റി, ഫിനാന്‍സ്, ഇന്‍ഷൂറന്‍സ്, ഡ്രൈവര്‍, കുക്ക്, സെക്യൂരിററി മേഖലകളിലായി രണ്ടായിരത്തോളം ഒഴിവുകളിലേക്കാണ് ജോബ് ഫെസ്റ്റ് നടത്തിയത്.
ചിറ്റൂര്‍ -തത്തമംഗലം നഗരസഭാ ചെയര്‍മാന്‍ കെ മധു അധ്യക്ഷനായി. കോഴിക്കോട് മേഖല എംപ്ലോയ്മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ മോഹന്‍ ലൂക്കോസ് പദ്ധതി വിശദീകരണം നടത്തി. ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ പി.കെ രാജേന്ദ്രന്‍ ആമുഖ ഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം അഡ്വ. വി മുരുകദാസ്, ചിറ്റൂര്‍ ഗവ. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. എന്‍ വീരമണികണ്ഠന്‍, എംപ്ലോയ്‌മെന്റ് ഓഫീസര്‍ (വിജിലന്‍സ്) എം.സുനിത സംസാരിച്ചു.
ജോബ് ഫെസ്റ്റ്: 187 പേര്‍ക്ക് നിയമനം നല്‍കി
ചിറ്റൂര്‍ എംപ്ലോയബിലിറ്റി സെന്റര്‍ നടത്തിയ ‘ലക്ഷ്യ’ മെഗാ ജോബ് ഫെസ്റ്റില്‍ 187 പേര്‍ക്ക് ഉടന്‍ നിയമനം നല്‍കി. കൂടാതെ 772 പേരെ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്തു. ഇസാഫ്, എച്ച്.ഡി.എഫ്.സി, താജ് ടാറ്റ, തനുഷ് തുടങ്ങി കേരളത്തില്‍ അകത്തും പുറത്തും ഉളള 23 സ്ഥാപനങ്ങളിലാണ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും പുറം ജില്ലകളില്‍ നിന്നുമായി 2500-ലധികം ഉദ്യോഗാര്‍ഥികള്‍ പങ്കെടുത്തു.