പാലക്കാട് : ഓട്ടോമോട്ടീവ് മേഖലയില്‍ യുവതലമുറയുടെ മികവുകളുടെ പ്രദര്‍ശനമായി നടന്ന ടാലന്റോ 2019 മലമ്പുഴ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പാലക്കാട് അസിസ്റ്റന്റ് കലക്ടര്‍ ചേതന്‍കുമാര്‍ മീണ ഉദ്ഘാടനം ചെയ്തു.  കുടുംബശ്രീ തൊഴില്‍ദാന നൈപുണ്യവികസന പദ്ധതിയായ ഡി.ഡി.യു.ജി.കെ.വൈ യുടെ ഭാഗമായി ഓട്ടോമോട്ടീവ് മേഖലയില്‍ പരിശീലനം നേടിയ യുവതീയുവാക്കള്‍ക്ക് നൈപുണ്യശേഷി പ്രദര്‍ശിപ്പിക്കാന്‍ അവസരമൊരുക്കുക, കൂടുതല്‍ പേരെ ഓട്ടോമോട്ടീവ് മേഖലയിലേക്ക് ആകര്‍ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ്  ടാലന്റോ 2019  കുടുംബശ്രീ സംസ്ഥാനതല സ്‌കില്‍ കോമ്പറ്റീഷന്‍ സംഘടിപ്പിച്ചത്. 10 പരിശീലന കേന്ദ്രങ്ങള്‍ പങ്കെടുത്ത ടാലന്റോ 2019 ല്‍ മലപ്പുറം ജന്‍ ശിക്ഷന്‍ സന്‍സ്ഥാന്‍ ട്രെയിനിംഗ് സെന്റര്‍ ഓവറോള്‍ കിരീടം സ്വന്തമാക്കി.

വിവിധ ജില്ലകളില്‍ നിന്നായി ഓട്ടോമോട്ടീവ് മേഖലയില്‍ പരിശീലനം പൂര്‍ത്തിയാക്കിയവരും നിലവില്‍ പരിശീലനം ചെയ്യുന്നവരും മത്സരത്തില്‍ പങ്കെടുത്തു.
ഇരുചക്രവാഹനങ്ങളുടെയും നാലുചക്ര വാഹനങ്ങളുടേയും മെക്കാനിക്കല്‍, അറ്റകുറ്റപണികള്‍,  വാഹനങ്ങളിലെ ഇലക്ട്രിക്കല്‍ ജോലികള്‍ എന്നിവയുടെ   പ്രായോഗിക മത്സരങ്ങള്‍, ഭാഷാ പ്രാവീണ്യം, അഭിമുഖങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള അഭിരുചി പരിശോധന എന്നിവയും ടാലന്റോയുടെ ഭാഗമായി നടന്നു.
മലമ്പുഴ ഗവ. ഐ.ടി.ഐ, ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടന്നത്.

കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും കുടുംബശ്രീയും സംയുക്തമായി നടപ്പിലാക്കുന്ന തൊഴില്‍ദാന നൈപുണ്യ വികസന പദ്ധതിയാണ് ദീന്‍ ദയാല്‍ ഉപാദ്ധ്യായ ഗ്രാമീണ്‍ കൗശല്യ യോജന (ഡി.ഡി.യു.ജി.കെ.വൈ ). ഗ്രാമീണ മേഖലയിലെ യുവതീയുവാക്കള്‍ക്ക് അവരുടെ കഴിവിനും, വിദ്യാഭ്യാസ യോഗ്യതയ്ക്കും, അഭിരുചികള്‍ക്കും അനുസൃതമായ മേഖലയില്‍ പരിശീലനം നല്‍കി തൊഴില്‍ ലഭ്യമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.സെയ്തലവി, മലമ്പുഴ ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് ചെയര്‍പേഴ്‌സണ്‍ പ്രസന്ന, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അനിത, ഹെഡ്മിസ്ട്രസ് ദേവിക,  പി.ടി.എ പ്രസിഡന്റ് ശിവപ്രസാദ്, കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സുമ, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എം.ദിനേശ് , ജില്ലാ പ്രോഗ്രാം മാനേജര്‍ കെ.നിമിഷ എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!